BREAKINGKERALA
Trending

മിഷേല്‍ ഷാജിയുടെ മരണം; 3 കാര്യങ്ങള്‍ അന്വേഷിക്കും,സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ കണ്ടെത്തും

കൊച്ചി: വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തില്‍ വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പൊലീസിന് വീഴ്ച പറ്റിയ 3 കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. മിഷേല്‍ ചാടിയത് ഏത് പാലത്തില്‍ നിന്നാണെന്ന് വീണ്ടും വിലയിരുത്തും. സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനും ശ്രമിക്കും. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും രംഗത്തെത്തിയിരുന്നു. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേല്‍ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
അതേസമയം, മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനിയായിരുന്നു പിറവം സ്വദേശിനി മിഷേല്‍ ഷാജി. കാണാതായ ദിവസം വൈകുന്നേരം മിഷേല്‍ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് വൈകുന്നേരം കൊച്ചി കായലിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. എങ്കില്‍ ദേഹത്ത് കണ്ട പാടുകളും എഫ്‌ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവ് ഷാജി വര്‍ഗീസ് ചോദിക്കുന്നത്.
മിഷേലിന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നില്ലെന്നാണ് പരാതി. മിഷേല്‍ പള്ളിയിലുള്ള സമയം സിസിടിവിയില്‍ വ്യക്തമായിട്ടും ഏഴ് മണിക്ക് ശേഷമാണ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതെന്ന് എഫ്‌ഐആറില്‍ എഴുതിപ്പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കുടുംബം പറയുന്നു. മകള്‍ ജീവനൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും എല്ലാ വിവരങ്ങളും പങ്കുവെക്കുന്നയാളായിരുന്നു മിഷേലെന്നും അമ്മയും ഉറപ്പിച്ച് പറയുന്നു. മിഷേലിന്റെ മൊബൈല്‍ ഫോണും ബാഗും ഇതു വരെ കണ്ടെത്താനാകാത്തതില്‍ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്.

Related Articles

Back to top button