BREAKING NEWSGULFNRI

മിസ്സ് യൂനിവേഴ്‌സ് മത്സരത്തില്‍ ഇനി യുഎഇ സുന്ദരിയും; ആദ്യ സൗന്ദര്യ മത്സരം നവംമ്പറില്‍

ദുബായ്: ഈ വര്‍ഷം നടക്കുന്ന മിസ് യൂനിവേഴ്‌സ് മത്സരത്തില്‍ യുഎഇയില്‍ നിന്നുള്ള സുന്ദരിമാരും പങ്കെടുക്കും. ഡിസംബറില്‍ ഇസ്രായേലില്‍ വച്ചു നടത്തുന്ന ലോക സൗന്ദര്യ മത്സരത്തിലാണ് യുഎഇയുടെ പ്രതിനിധി മിസ് യൂനിവേഴ്‌സ് പട്ടത്തിന് വേണ്ടി മാറ്റുരയ്ക്കുക. ഇതിന്റെ മുന്നോടിയായി മിസ് യുഎഇയെ കണ്ടെത്തുന്നതിനായുള്ള മത്സരം അടുത്ത മാസം നടക്കുമെന്ന് യൂജെന്‍ ഇവന്റ്‌സ് യൂജെന്‍ ഇവന്റ്‌സ് പ്രസിഡന്റും നാഷനല്‍ ഡയറക്ടറുമായ ജോഷ് യൂഗെന്‍ പറഞ്ഞു. ദി മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷനും യൂഗെന്‍ ഇവന്റ്‌സും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുക.
18നും 28നും ഇടയില്‍ പ്രായമുള്ള യുഎഇയില്‍ താമസിക്കുന്ന ഏതു രാജ്യക്കാരായ വനിതകള്‍ക്കും പങ്കെടുക്കാം. വൈവിധ്യങ്ങളിലേക്കാണ് നാം ഉറ്റുനോക്കുന്നതെന്നും രാജ്യത്തിന്റെ ആത്മാവിനെയാണ് മല്‍സത്തില്‍ പങ്കെടുക്കുന്നവര്‍ പ്രതിനിധീകരിക്കുകയെന്നും യൂഗെന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലിടം പിടിക്കുന്ന മിസ് യുഎഇ മല്‍സരം നവംബര്‍ ഏഴിന് ദുബായിലെ അല്‍ ഹബ്തൂര്‍ സിറ്റിയിലെ ലാ പെര്‍ലെയിലാണു നടക്കുക. സ്വിമ്മിംഗ് സ്യൂട്ട് ധരിച്ചുള്ള സൗന്ദര്യ മത്സരത്തിന് പകരം പ്രശസ്ത ഫിലിപ്പിനോ ഡിസൈനര്‍ ഫേര്‍ണെ വണ്‍ ഒരുക്കിയ വസ്ത്രങ്ങള്‍ അണിഞ്ഞായിരിക്കും മല്‍സരാര്‍ഥികള്‍ അണിനിരക്കുകയെന്നും അദ്ദേഹം അറിയിച്ചു. സാമ്പ്രദായിക രീതിയില്‍ മല്‍സരത്തെ തളച്ചിടാന്‍ ഉദ്ദേശിക്കുന്നില്ല. മിസ്സ് യൂനിവേഴ്‌സ് യുഎഇ സൗന്ദര്യത്തിന്റെയും ബുദ്ധിശക്തിയുടെയോ മല്‍സരമായിരിക്കില്ലെന്നും അത് ഹൃദയങ്ങള്‍ കീഴടക്കാന്‍ വേണ്ടിയുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മല്‍സരത്തിലെ വിജയിയായിരിക്കും ഡിസംബറില്‍ ഇസ്രായേലില്‍ നടക്കുന്ന ആഗോള മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ യുഎഇയെ പ്രതിനിധീകരിക്കുക.
ഏത് മേഖലയിലും പുതുരീതികള്‍ വിജയകരമായി പ്രതീക്ഷിച്ച് നടപ്പിലാക്കിയ ചരിത്രമാണ് ദുബായിക്കും അബൂദാബിക്കും ഉള്ളതെന്ന് മിസ് യൂനിവേഴ്‌സ് യുഎഇയുടെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഹെഡ് ശരിഹാന്‍ അല്‍ മശാരി പറഞ്ഞു. അസാധ്യമായത് സാധ്യമാക്കുകയെന്നത് യുഎഇയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഈ ബ്യൂട്ടി കോണ്ടെസ്റ്റും പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമാകും. നേരത്ത് നീണ്ട മുടിയുള്ളവരും മെലിഞ്ഞ ശരീരമുള്ളവരും അഞ്ച് മുതല്‍ ഒന്‍പത് വരെ ഇഞ്ച് ഉയരമുള്ളവരുമായിരിക്കുണം മല്‍സരാര്‍ഥികളെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ അത് മാറി. വസ്ത്രത്തിന്റെയും ശരീര അളവിന്റെയും അടിസ്ഥാനത്തിലായിരിക്കില്ല മല്‍സരം നടക്കുക.
സൗന്ദര്യ മല്‍സരത്തിന്റെ ഒന്നര വര്‍ഷത്തെ ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇതെന്നും അല്‍ മശാരി അറിയിച്ചു. ഈവനിംഗ് ഗൗണിനു പകരം പവര്‍ സ്യൂട്ട് ധരിച്ചായിരിക്കും മല്‍സരാര്‍ഥികള്‍ പങ്കെടുക്കുക. മല്‍സരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വഴിയെ പ്രഖ്യാപിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വനിതകളും ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേരെ ഈ മാസം 15 ന് അല്‍ ഹബ്തൂര്‍ പാലസ് ഹോട്ടലില്‍ വ്യക്തിഗത കാസ്റ്റിംഗിനായി ക്ഷണിക്കും, കൂടാതെ റണ്‍വേ ചലഞ്ച്, കൊമേഴ്‌സ്യല്‍ ഷൂട്ട് തുടങ്ങിയ റൗണ്ടുകളുമുണ്ടായിരിക്കും. missuniverseuae.com വഴിയാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker