BREAKINGNATIONAL

മുംബൈ ‘ഡബ്ബാവാലാ’യില്‍ നിന്ന് പ്രചോദനം, ലണ്ടന്‍ കീഴടക്കാന്‍ ‘ഡബ്ബാ ഡ്രോപ്പ്’

മുംബൈ ഡബ്ബാവാലായ്ക്ക് നീണ്ട വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. മുംബൈ നഗരം മഹാനഗരമായി വളരുന്നതിനിടെ തൊഴിലാളികള്‍ക്ക് നല്ല ഭക്ഷണം എത്തിച്ച് തുടങ്ങിയ മുംബൈ ഡബ്ബാവാല ഇന്ന് നഗരത്തിന്റെ മുക്കിലും മൂലയിലും ഭക്ഷണമെത്തിക്കുന്നു. ഈ ഉച്ചഭക്ഷണ വിതരണ സമ്പ്രദായത്തെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ലണ്ടന്‍ നഗരത്തിന് പരിചയപ്പെടുത്തി, പേര് ‘ഡബ്ബാഡ്രോപ്പ്’ (Dabbadrop). മുംബൈ ഡബ്ബാവാലയെ പോലെ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ കമ്പനി ഉപയോഗിക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.
പനീര്‍ സബ്ജി, മിക്‌സഡ് പച്ചക്കറികള്‍, ചോറ് തുടങ്ങിയ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ നിറച്ച ക്ലാസിക് ഇന്ത്യന്‍ സ്റ്റീല്‍ ടിഫിന്‍ ബോക്‌സുകള്‍ തന്നെയാണ് യുകെ ആസ്ഥാനമായുള്ള ബിസിനസ്സ് സംരംഭവും ഉപയോഗിക്കുന്നത്. ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ ഭക്ഷണം നിറച്ച സ്റ്റീല്‍ ടിഫിന്‍ ബോക്‌സുകള്‍ തുണികൊണ്ട് പൊതിഞ്ഞ് ഡെലിവറി ഏജന്റുമാര്‍ മുഖാന്തരം ഉപയോക്താവിന് കൊണ്ടു കൊടുക്കുന്നതിന്റെ മുഴുവന്‍ ദൃശ്യങ്ങളും കാണിക്കുന്നു. ഋഷി ബാനര്‍ജി എന്ന എക്‌സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ഇതിനകം ആറ് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്.
കമ്പനി തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ഒരു വീഡിയോയില്‍, ‘ഏകദേശം ആറ് വര്‍ഷമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു! സമയം ഇങ്ങനെ പറക്കുന്നു. ഞങ്ങള്‍ ഇതുവരെയായി 3,75,660 പ്ലാസ്റ്റിക് ടേക്ക്അവേ കണ്ടെയ്നറുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സംരക്ഷിച്ചു, ഞങ്ങള്‍ ആരംഭിച്ചതേയുള്ളൂ അത്ര വിദൂരമല്ലാത്ത ഭാവിയില്‍ രാജ്യവ്യാപകമായി സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുകെയിലുടനീളം ഡബ്ബാഡ്രോപ്പ് സ്‌നേഹം പ്രചരിപ്പിക്കുന്നു.’ ഉപഭോക്താവിന് നല്ല ഭക്ഷണം എത്തിച്ച് കൊടുക്കുന്നതിനോടൊപ്പം പ്രകൃതി സംരക്ഷണ സന്ദേശവും കൂടി കമ്പനി പ്രാവര്‍ത്തികമാക്കുന്നു.
‘വിദേശികള്‍ ഞങ്ങളുടെ ഡബ്ബ വാല ടിഫിന്‍ ആശയം പകര്‍ത്തി, അവരുടെ സ്വന്തം സ്റ്റാര്‍ട്ടപ്പ് ഡബ്ബ ഡ്രോപ്പ് ആരംഭിച്ചു.’ ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. ‘സ്ഥാപകരില്‍ ഒരാള്‍ ഇന്ത്യന്‍ പാരമ്പര്യമുള്ളയാളാണെന്ന് ഞാന്‍ കരുതുന്നു – അന്‍ഷു അഹൂജ. ഇത് ഒരു സംസ്‌കാര കയറ്റുമതി പോലെയാണ്. ഇന്ത്യന്‍ ഭക്ഷണത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നു. ഉത്ഭവം കാണിക്കാന്‍ അവര്‍ ‘ഡബ്ബ’ എന്ന വാക്ക് നിലനിര്‍ത്തുന്നത് കാണാന്‍ നല്ലതാണ്,’ മറ്റൊരു കാഴ്ചക്കാരന്‍ കൂടുതല്‍ വിശദീകരിച്ചു. ‘ഭാരതത്തിന്റെ പേറ്റന്റ് മറ്റ് രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത് കാണാന്‍ ഇത് വളരെ സന്തോഷകരമാണ്’ മറ്റൊരു കാഴ്ചക്കാരനും തന്റെ സന്തോഷം മറച്ച് വച്ചില്ല.

Related Articles

Back to top button