മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. തൃശ്ശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുനാണ് മരിച്ചത്. ബാര്‍ജിലെ സേഫ്റ്റി ഓഫീസറായിരുന്നു അര്ജുന്. ഇന്ന് രാവിലെയാണ് കുടുംബത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്.
വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷ്, വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന് സസിന് ഇസ്മയില്‍ (29) എന്നിവരാണ് മരിച്ച മറ്റു മറ്റ് മലയാളികള്‍.
ടൗട്ടെ ചുഴലിക്കാറ്റിനിടെയാണ് ബാര്‍ജ് കടലില്‍ മുങ്ങി മലയാളികള്‍ ഉള്‍പ്പെടെ 49 പേര് മരിച്ചത്. കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ബാര്‍ജിന്റെ ക്യാപ്റ്റന്‍ വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലില്‍ ക്യാപ്റ്റനെതിരേ കേസെടുത്തിരുന്നു.
മുംബൈയ്ക്ക് 35 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകട സമയത്ത് ബാര്‍ജ്ജ് ഉണ്ടായിരുന്നത്. ജീവനക്കാരുള്‍പ്പെടെ മൊത്തം 261 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 186 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.