BREAKINGKERALA
Trending

മുകേഷിന്റെ കൊച്ചിയിലെ വീട്ടില്‍ പരാതിക്കാരിയുമായി പോലീസിന്റെ തെളിവെടുപ്പ്

കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടനും എം.എല്‍.എയുമായ എം മുകേഷിന്റെ വീട്ടില്‍ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിയെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും വീടിന്റെ താക്കോല്‍ മുകേഷ് കൈമാറിയിരുന്നില്ല. ഇതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ മടങ്ങിയിരുന്നു.
മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. ചന്ദ്രശേഖര്‍ എന്നിവരും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയത്. പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവര്‍ ഇവരുടെ ഫ്‌ലാറ്റിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. നടി നല്‍കിയിരുന്ന കേസുകളില്‍ മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയും കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. എന്നാല്‍, മുകേഷ് രാജിവെക്കേണ്ടെന്ന നിലപാടാണ് സി.പി.എം. കൈക്കൊണ്ടിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട സമിതികളില്‍ അംഗമായി ഇരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. അതുകൊണ്ട് സിനിമാ നയരൂപവത്കരണ സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കുമെന്ന് സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. കേസന്വേഷണത്തില്‍ യാതൊരു ആനുകൂല്യവും എം.എല്‍.എ. എന്നതരത്തില്‍ നല്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു

Related Articles

Back to top button