രാജസ്ഥാനിലെ ബാര്‍മറിലെ ഒരു വനിതാ സര്‍പഞ്ച് (ഗ്രാമമുഖ്യ) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് സര്‍പഞ്ച് താരമായി മാറിയത്. ഐഎഎസ് ഓഫീസര്‍ ടീന ദാബി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ എറ്റെടുത്തിരിക്കുന്നത്.
വൈറല്‍ വീഡിയോയില്‍, സോനു കന്‍വര്‍ എന്ന വനിതാ സര്‍പഞ്ചിനെ കാണാം. പരമ്പരാഗത രാജസ്ഥാനി വസ്ത്രത്തിലാണ് അവര്‍ മൈക്കിന് മുന്നില്‍ നില്‍ക്കുന്നത്. മുഖം മറച്ചിട്ടുമുണ്ട്. ”ഈ ദിവസത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ആദ്യമായി, ഞങ്ങളുടെ കളക്ടര്‍ ടീന മാഡത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഒരു സ്ത്രീ എന്ന നിലയില്‍, ടീന മാമിനെ സ്വാഗതം ചെയ്യുന്നത് ഒരു ബഹുമതിയായിട്ടാണ് താന്‍ കാണുന്നത്’ എന്നാണ് അവര്‍ വീഡിയോയില്‍ പറയുന്നത്.
പിന്നീട് ജലസംരക്ഷണത്തെക്കുറിച്ചാണ് അവര്‍ തന്റെ പ്രസംഗത്തില്‍ പറയുന്നത്. കളക്ടറായ ടീന ദാബി പ്രസംഗം ഇഷ്ടപ്പെട്ടതിന് പിന്നാലെ പുഞ്ചിരിക്കുന്നുമുണ്ട്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷണര്‍ (യുപിഎസ്സി) 2015 -ലെ ടോപ്പറായിരുന്നു ദാബി. ഇപ്പോളവര്‍ ബാര്‍മറിലെ ജില്ലാ കളക്ടറായി നിയമിക്കപ്പെട്ടിരിക്കുകയാണ്.
എന്തായാലും ഗ്രാമമുഖ്യയുടെ ഇംഗ്ലീഷ് സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ആളുകളുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. Kailash Singh Sodha എന്ന യൂസറാണ് എക്‌സില്‍ (ട്വിറ്ററില്‍) വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇതാണ് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ എന്ന് കമന്റ് നല്‍കിയവരുണ്ട്.
അതേസമയം, ഇംഗ്ലീഷ് വിചാരിച്ചാല്‍ പഠിച്ചെടുക്കാന്‍ പറ്റുന്ന ഒരു ഭാഷ മാത്രമാണ് എന്നും ആ വനിതാ സര്‍പഞ്ച് ഒരു ഗ്രാമത്തിലെ മുഴുവന്‍ കാര്യങ്ങളും നോക്കുന്നു എന്നതാണ് അതിലും പ്രധാനം എന്നും ഒരാള്‍ കമന്റ് നല്‍കിയിട്ടുണ്ട്.
73 1 minute read