തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍. തനിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നാണ് കത്തില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദങ്ങളുണ്ടായശേഷം എഡിജിപി എംആര്‍ അജിത് കുമാര്‍ അയക്കുന്ന രണ്ടാമത്തേ കത്താണിത്. നേരത്തെ തന്നെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തികൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അജിത് കുമാര്‍ കത്ത് നല്‍കിയിരുന്നു.
അതേ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്‍വറിനെതിരായുള്ള ആരോപണങ്ങളും പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യവും സര്‍ക്കാര്‍ അന്വേഷിക്കുന്നത്. അജിത് കുമാറിന്റെ കത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘമുണ്ടാക്കി അന്വേഷണം നടത്തുന്നത്. അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ എഡിജിപിയുടെ കത്തിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
വിവാദങ്ങള്‍ ശക്തമായ സാഹചര്യത്തിലാണിപ്പോള്‍ വീണ്ടും അജിത് കുമാര്‍ കത്തയച്ചിരിക്കുന്നത്. തന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാരിന് കേസെടുക്കാനാകുമെന്നും അത്തരമൊരു നടപടിയുണ്ടാകണമെന്നുമാണ് അജിത് കുമാറിന്റെ ആവശ്യം.
അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവ് റാം മാധവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദുരൂഹതയേറുകയാണ്. എഡിജിപിയുമായി ചര്‍ച്ചക്ക് പോയതില്‍ ബിസിനസുകാരുമുണ്ടെന്നാണ് സൂചന. ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന. കണ്ണൂര്‍ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്നതിലാണ് ദുരുഹത നിലനില്‍ക്കുന്നത്.
കോവളത്തെ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷമാണ് എഡിജിപി എംആര്‍ അജിത്ത് കുമാര്‍- ആര്‍എസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്. തലസ്ഥാനത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ നല്‍കിയ വിശദീകരണം. ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്. നേതാവിനെ കണ്ടത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി ഇതുവരെയും അനങ്ങിയിട്ടില്ല.
47 1 minute read