കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കൊല്‍ക്കത്തയില്‍ ഉയര്‍ന്നുവന്ന ഡോക്ടര്‍മാരുടെ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ല. സര്‍ക്കാര്‍ ഇടപെടലുകള്‍ നിഷ്ഫലമായ സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിഷേധക്കാര്‍ക്കരികിലെത്തി.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ സ്വാസ്ഥ്യ ഭവന് മുമ്പില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തി വരികയായിരുന്നു. പ്രതിഷേധക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഇതിന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് മമതാ ബാനര്‍ജി ശനിയാഴ്ച പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് ഞാന്‍ വന്നിരിക്കുന്നതെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
‘എനിക്ക് നിങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ മനസ്സിലാകും, ഞാനും എന്റെ ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചയാളാണ്. എന്റെ സ്ഥാനത്തില്‍ ഞാന്‍ ആശങ്കപ്പെടുന്നില്ല. രാത്രി മഴ നനഞ്ഞും നിങ്ങള്‍ ഇവിടെ പ്രതിഷേധമിരിക്കുകയാണ്. കഴിഞ്ഞ രാത്രികളില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല’, മമത പറഞ്ഞു.
‘നിങ്ങളുടെ ആവശ്യങ്ങള്‍ ഞാന്‍ പഠിക്കും. ഞാന്‍ ഒറ്റയ്ക്കല്ല സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. മുതിര്‍ന്ന ഓഫീസര്‍മാരുമായി ആലോചിച്ച ശേഷം നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. കുറ്റവാളി ആരായിരുന്നാലും ഉറപ്പായും അവര്‍ ശിക്ഷിക്കപ്പെടും. നിങ്ങളുടെ ആവശ്യങ്ങളില്‍ നടപടിയെടുക്കുന്നതിന് എനിക്ക് കുറച്ചു സമയം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരേ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയുമെടുക്കില്ല. നിങ്ങള്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഞാനപേക്ഷിക്കുന്നു’, മമതാ ബാനര്‍ജി പറഞ്ഞു.
‘നിങ്ങള്‍ക്ക് എന്നില്‍ വിശ്വാസമുണ്ടെങ്കില്‍ ഞാന്‍ പരാതികള്‍ പരിശോധിക്കും. കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ് (ഡോക്ടര്‍മാര്‍ സെപ്റ്റംബര്‍ 10 നുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് കോടതി ഉത്തരവ്). അടുത്ത വാദം കേള്‍ക്കല്‍ ചൊവ്വാഴ്ചയാണ്. നിങ്ങള്‍ അനുഭവിക്കുന്നത് കാണാന്‍ വയ്യ. ഞാന്‍ ഒരു സഹോദരിയായാണ്, ഒരു മുഖ്യമന്ത്രി ആയിട്ടല്ല നിങ്ങളോട് വന്നഭ്യര്‍ഥിക്കുന്നത്. നിങ്ങളുടെ പ്രതിഷേധത്തെ ഞാന്‍ പിന്തുണയ്ക്കുന്നു’, മമത കൂട്ടിച്ചേര്‍ത്തു.
70 1 minute read