തിരുവനന്തപുരം: ഇ.പി. ജയരാജന്‍ ഇടതുമുന്നണി കണ്‍വീനറായിരിക്കാന്‍ അര്‍ഹനല്ലെന്ന് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. അദ്ദേഹത്തിന്റെ സമീപനം മുന്നണിയെ വഞ്ചിക്കുന്ന ഒന്നായി മാറിയെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ബി.ജെ.പി. നേതാവുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച അത്ര നിഷ്‌കളങ്കമായി കാണേണ്ട ഒന്നല്ല. വോട്ടെടുപ്പുദിവസംതന്നെ അക്കാര്യം വെളിപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. അദ്ദേഹത്തെ മുന്നണി കണ്‍വീനര്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ. ആവശ്യപ്പെടാതിരുന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ പരാജയമാണെന്നും നേതാക്കള്‍ ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെയും മുന്നണിയുടെയും സര്‍ക്കാരിന്റെയും രീതി തിരഞ്ഞെടുപ്പുപരാജയത്തിന് പ്രധാന കാരണമായിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതില്‍ മാറ്റമുണ്ടാകണം. മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന രാഷ്ട്രീയരീതി അപകടകരമാണെന്ന് തിരിച്ചറിയണം.
സി.പി.ഐ. മന്ത്രിമാര്‍തന്നെ പാര്‍ട്ടി നിര്‍വാഹകസമിതിയിലിരിക്കുന്നത് സംഘടനയെ ദുര്‍ബലമാക്കി. ‘എല്ലാം ഞാനാണ്’ എന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറിയത് ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റി. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന ബോധ്യം ഇല്ലാതാക്കി. അദ്ദേഹത്തിന്റെ ശൈലിമാറ്റുക പ്രായോഗികമല്ല. പിണറായി വിജയന്‍ അങ്ങനെയാണ്. അതില്‍ വേണ്ടത് സി.പി.എം.തന്നെ ചെയ്യട്ടെ.
സി.പി.ഐ. മന്ത്രിമാരുടെ പ്രവര്‍ത്തനവും മെച്ചപ്പെട്ടതല്ല. നേരത്തേ മന്ത്രിമാരെ സംസ്ഥാന നിര്‍വാഹകസമിതിയില്‍നിന്ന് മാറ്റുന്ന രീതി സ്വീകരിച്ചിരുന്നു. ഇത്തവണ അതില്‍ മാറ്റംവരുത്തിയതിന്റെ കോട്ടം പാര്‍ട്ടിക്കുണ്ടായി. അതിനാല്‍, മന്ത്രിമാരെ പാര്‍ട്ടി നിര്‍വാഹകസമിതിയില്‍നിന്ന് മാറ്റണം.
നവകേരളസദസ്സുകൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്നുമാത്രമല്ല, ജനങ്ങളെ എതിരാക്കുകയാണ് ചെയ്തത്. ഇടതുമുന്നണി ഒന്നിച്ച് ഒരു പ്രചാരണജാഥയാണ് നടത്തിയിരുന്നെങ്കിലും രാഷ്ട്രീയമായ നേട്ടമുണ്ടാകുമായിരുന്നു. ക്ഷേമപദ്ധതികളെല്ലാം മുടങ്ങിക്കിടക്കുമ്പോള്‍ സര്‍ക്കാരിന്റെ യാത്ര ധൂര്‍ത്താണെന്ന ബോധമാണ് ജനങ്ങളിലുണ്ടാക്കിയതെന്നും വിമര്‍ശനമുയര്‍ന്നു.
തൃശ്ശൂര്‍ മേയറുടെ ബി.ജെ.പി. മനോഭാവത്തെക്കുറിച്ച് അതിരൂക്ഷമായാണ് നേതാക്കള്‍ പ്രതികരിച്ചത്. ഇത്തരമൊരു മേയറെ നിലനിര്‍ത്തി കോര്‍പ്പറേഷന്‍ ഭരണം തുടരുന്നതില്‍ അര്‍ഥമില്ല. മേയറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ. സി.പി.എമ്മിനുമുമ്പില്‍ വെക്കണമെന്ന് തൃശ്ശൂരിലെ നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ ബുധനാഴ്ചയും തുടരും.
85 1 minute read