കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവിയും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും സ്വർണക്കടത്തിനായി ശിവശങ്കർ ദുരുപയോഗിച്ചതായി കസ്റ്റംസ്. വിദേശ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ രാജ്യത്ത് നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച്ച് അറിവുണ്ടായിട്ടും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എം.ശിവശങ്കർ ഇക്കാര്യം സർക്കാർ ഏജൻസികളെ അറിയിക്കാതിരുന്നതു ഗുരുതരമായ കുറ്റമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ നൽകിയ ജാമ്യ ഹർജിയെ എതിർക്കുമ്പോഴാണ് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ കസ്റ്റംസ് ഇക്കാര്യം വിശദീകരിച്ചത്.
ഹർജി കോടതി ഇന്നു പരിഗണിക്കും. സ്വർണക്കടത്തിനുള്ള ഗൂഢാലോചനയിൽ മുഖ്യപങ്കാളിത്തം വഹിച്ചതായി കൂട്ടുപ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള കുറ്റകൃത്യത്തിന്റെ ഗൗരവം അറിഞ്ഞിട്ടും തടയാൻ ഒരു ചെറുവിരൽപോലും അനക്കാതെ സ്വർണക്കടത്തിനെ പ്രോത്സാഹിപ്പിച്ചു.
ശിവശങ്കന് ജാമ്യം അനുവദിച്ചാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സ്വപ്ന, സരിത്, സന്ദീപ് നായർ എന്നിവരുടെ ജീവനു തന്നെ ഭീഷണിയാകും.