മുഖ്യമന്ത്രി പിണറായി വിജയൻറെ വിമർശനത്തോട് പ്രതികരിച്ച് എംഎൽഎ പി.വി അൻവർ. മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി.വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോൾ നിലപാട് മാറും. സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് പി ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് പി.ശശിയെ വിശ്വാസമാണെന്നും
തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.താൻ പുറത്തുവിട്ട ഓഡിയോ സന്ദേശം പൊലീസ് സൂപ്രണ്ട് എംഎൽഎയുടെ കാല് പിടിച്ച് കരയുന്നതാണ്. സുജിത് ദാസ് കള്ളത്തരം ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് കാലുപിടിച്ചത്? എന്താണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്? ആ ഫോൺ റെക്കോർഡ് ചെയ്തത് സമൂഹത്തെ ഇത് സീരിയസ് ആയി ബോധ്യപെടുത്താനാണെന്നും അൻവർ പറഞ്ഞു. താൻ ആരോപണം ഉന്നയിച്ചത് പൊലീസിലെ വളരെ കുറച്ച് ഉദ്യോഗസ്ഥർക്കെതിരെയാണ്. പൊലീസിൽ നല്ല ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെയാണ് തന്റെ പോരാട്ടം, അത് തുടരും. തൻ്റെ ആരോപണത്തിൽ പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകർന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.