BREAKINGKERALA
Trending

മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ച നടത്തി; എ.ഡി.ജി.പി. എച്ച്. വെങ്കിടേഷും ചര്‍ച്ചയില്‍, അജിത്കുമാര്‍ നാലുദിവസം അവധി

തിരുവനന്തപുരം: എ.ഡി.ജി.പി. അജിത് കുമാര്‍ -ആര്‍.എസ്.എസ്. കൂടിക്കാഴ്ച വിവാദത്തിന് പിന്നാലെ ക്ലിഫ് ?ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍. മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി.എ.ഡി.ജി.പിക്കെതിരായ അന്വേഷണ വിവരങ്ങള്‍ ഡി.ജി.പി. ഷേക്ക് ദര്‍വേശ് സാഹിബ് മുഖ്യന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ജോണ്‍ ബ്രിട്ടാസ് എം.പിയും പങ്കെടുത്തു. ക്രൈംബ്രാഞ്ച് ചുമതലയുള്ള എ.ഡി.ജി.പി. എച്ച് വെങ്കടേഷിനേയും ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
ഒന്നേമുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നീണ്ടു. അജിത്കുമാര്‍ ഈമാസം 14 മുതല്‍ നാലുദിവസത്തേക്ക് അവധിയില്‍പ്പോകാനും തീരുമാനിച്ചു. നേരത്തേ നല്‍കിയ അവധി അപേക്ഷയാണിതെന്നാണ് വിവരം. അതേസമയം അവധി നീട്ടാനും സാധ്യതയുണ്ട്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ രണ്ട് ആര്‍.എസ്.എസ്. നേതാക്കളെ പോയി കണ്ടു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനെതിരേ പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതുകൂടാതെ ഭരണപക്ഷ എം.എല്‍.എ. കൂടിയായ പി.വി. അന്‍വര്‍, അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അടക്കം പരാതി നല്‍കുകയും ചെയ്തിരുന്നു. ഇവയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നിര്‍ണായ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
ആര്‍.എസ്.എസ്. നേതാക്കളായ രാം മാധവിനേയും ദത്താത്രേയ ഹൊസബലെയും നേരിട്ട് കണ്ട ഒരു എ.ഡി.ജി.പിയെ ഇനിയും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കേണ്ടതുണ്ടോ എന്ന കാര്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. രാഷ്ട്രീയപരമായി വലിയതോതില്‍ പ്രതിരോധത്തിലാണ് ഇപ്പോള്‍ സി.പി.എം. ഇതിനിടെയാണ് മുഖ്യമന്ത്രിയും ഡി.ജി.പിയും നിര്‍ണായക കൂടിക്കാഴ്ച നടത്തുന്നത്.
എല്‍.ഡി.എഫ്. മുന്നണിയില്‍ സഖ്യകക്ഷികളുടെ ഭാഗത്ത് നിന്നും വിയോജിപ്പിന്റെ സ്വരം ഉയര്‍ന്നിട്ടുണ്ട്. ബിനോയ് വിശ്വം, തൃശ്ശൂരിലെ ലോക്സഭാ സ്ഥാനാര്‍ഥിയായിരുന്ന വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
തൃശ്ശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ എം.ആര്‍. അജിത് കുമാറിന്റെ കരങ്ങളുണ്ട് എന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ മാമി തിരോധാനക്കേസ് അടക്കമുള്ളവ മുഖ്യമന്ത്രിയുടെ മുമ്പില്‍ റിപ്പോര്‍ട്ട് ഡി.ജി.പി. അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിര്‍ണായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button