BREAKING NEWSKERALALATEST

മുഖ്യമന്ത്രി മന്‍മോഹന്‍ സിങ്ങിന് പഠിക്കുന്നു; എം.എം. മണി ലാലുവിന്റെ കേരള പതിപ്പ്: കെ. സുരേന്ദ്രന്‍

തൃശൂര്‍: കെഎസ്ഇബി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മുന്‍മന്ത്രി എംഎം മണിക്കുമെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെഎസ്ഇബിയിലെ ശതകോടികളുടെ അഴിമതി കണക്ക് പുറത്തുവന്നിട്ടും മുഖ്യമന്ത്രിയോ പാര്‍ട്ടിക്കാരോ ഇതുവരെ മിണ്ടിയിട്ടില്ല. മുഖ്യമന്ത്രി മന്‍മോഹന്‍ സിങ്ങിന് പഠിക്കുകയാണെന്നാണ് സംശയം. കേരളവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. നേരത്തെ മന്‍മോഹന്‍ സിങ്ങും ഇതേകാര്യമാണ് ചെയ്തതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
വൈദ്യുതി മന്ത്രിയായിരിക്കെ മുന്‍ മന്ത്രി എംഎം മണിയും ലംബോധരനും ശതകോടികളുടെ അഴിമതിയാണ് നടത്തിയത്. ഇടുക്കിയില്‍ പല സ്ഥലത്തുമുള്ള കെ എസ്ഇബിയുടെ ഭൂമികള്‍ റിസോര്‍ട്ട് മാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫികള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും പതിച്ചു നല്‍കി കോടികളുടെ അഴിമതി നടത്തി. ഹൈഡല്‍ പ്രോജക്റ്റുകളില്‍ വലിയ തോതിലുള്ള ക്രമക്കേട് നടന്നു.
എംഎം മണിയെ പോലെ തട്ടിപ്പുകാരനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഇല്ല. ലാലു പ്രസാദ് യാദവ് ബിഹാറില്‍ ചെയ്യുന്ന കാര്യങ്ങളാണ് എംഎം മണി കേരളത്തില്‍ ചെയ്യുന്നത്. പാവങ്ങളുടെ ആളാണ്, സാധാരണക്കാരനാണ്, പശുവിനെ കറന്ന് ജീവിക്കുന്നുവെന്നൊക്കെ പറഞ്ഞ് ആയിരക്കണക്കിന് കോടികളാണ് തട്ടിപ്പാക്കിയത്. ലാലുവിന്റെ കേരള പതിപ്പാണ് എംഎം മണി എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിനും കണ്ണൂരിലെ ബോംബാക്രമണ കേസിനും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത നാല് പേരും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരാണ്. ഹരിപ്പാട് കൊലപാതകത്തില്‍ സിപിഎം നേതൃത്വം മറുപടി പറയണം. കൊലയാളികളുടെ സിപിഎം ബന്ധം തെളിയിക്കാന്‍ ബിജെപി തയ്യാറാണ്.
കേരളത്തില്‍ കൊട്ടേഷന്‍ സംഘങ്ങളും ലഹരിമാഫിയയും അഴിഞ്ഞാടുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കൊലയാളി മാഫിയ സംഘങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും സിപിഎമ്മും സ്വീകരിക്കുന്നത്. കേരളത്തിലെ ക്രമസമാധാന നില സമ്പൂര്‍ണമായി തകര്‍ന്നു. ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണ്. പാര്‍ട്ടി ഇടപെടല്‍ കാരണം പോലീസിന് കാര്യക്ഷമമായി അന്വേഷണം നടത്താനാവുന്നില്ല. പോലീസിന്റെ കൈകള്‍ ബന്ദിക്കപ്പെട്ടിരിക്കുന്നു. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രിക്ക് ഇതിലൊന്നും അഭിപ്രായമില്ല. കേരളവുമായി ബന്ധമില്ലാത്ത വിഷയങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ബിജെപി അധികാരത്തിലെത്തിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളം പോലെ ആയി മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞപ്പോള്‍ അതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ക്രമസമാധാന നിലയുടെ കാര്യത്തില്‍ കേരളം ഉത്തര്‍പ്രദേശിനേക്കാള്‍ എത്രയോ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker