മുടിയുടെ കാര്യത്തില്‍ സ്‌കൂള്‍ നിയമങ്ങള്‍ ലംഘിച്ച 66 ഓളം വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിച്ച അധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കി. തായ്ലന്റിലാണ് സംഭവം. അധ്യാപകന്റെ പ്രവര്‍ത്തിയില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്.
വെസ്റ്റേണ്‍ തായ്ലന്‍ഡിലെ മെയ്സോഡ് ടെക്നിക്കല്‍ കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു അധ്യാപകനാണ് വിദ്യാര്‍ത്ഥികളുടെ മുടിയുടെ നീളം സ്‌കൂള്‍ ചട്ടങ്ങളില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതലാണെന്ന് ആരോപിച്ചത്. തുടര്‍ന്ന് ഇദ്ദേഹം ശിക്ഷാ നടപടി എന്നവണ്ണം വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിക്കുകയായിരുന്നു. അതേസമയം സ്‌കൂള്‍ ചട്ടം അനുസരിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനുചിതവും അതിരുകടന്നതുമായ പ്രവൃത്തിയുടെ പേരില്‍ അധ്യാപകനെ പുറത്താക്കിയതായി സ്‌കൂള്‍ സ്‌കൂള്‍ അധികൃതരും അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ തലയുടെ മധ്യഭാഗത്തുള്ള മുടി മാത്രമാണ് ഈ അധ്യാപകന്‍ വട്ടത്തില്‍ നീക്കം ചെയ്തത്. അധ്യാപകന്റെ ഈ ശിക്ഷാ നടപടിക്ക് ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. അധ്യാപകന്റെ ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ തലമുടി നല്ല രീതിയില്‍ മുറിച്ച് നല്‍കി സഹായിക്കുന്നതിനായി നിരവധി ബാര്‍ബര്‍മാര്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണിക്കാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എന്നാല്‍ തുടര്‍ നടപടികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് തൈച്ച് 8 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംഭവത്തോടെ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന അധ്യാപകര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന ആവശ്യം തായ്ലന്റില്‍ വീണ്ടും ശക്തമായി
72 1 minute read