BREAKINGKERALA
Trending

മുട്ടയ്ക്ക് രണ്ടുപൈസ എന്‍ട്രീഫീസ്; ചോദ്യംചെയ്ത് ഹര്‍ജി

കൊച്ചി: ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിക്കുന്ന മുട്ടയ്ക്ക് ചെക്പോസ്റ്റുകളില്‍ എന്‍ട്രിഫീസ് ഏര്‍പ്പെടുത്തിയത് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. മുട്ടയൊന്നിന് രണ്ടുപൈസ നിരക്കില്‍ ഫീസ് ഏര്‍പ്പെടുത്തി മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ജൂലായ് 31-ന് ഇറക്കിയ ഉത്തരവിനെയാണ് ചോദ്യംചെയ്യുന്നത്. ഹര്‍ജിയില്‍ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് സെപ്റ്റംബര്‍ 26-ന് വാദം കേള്‍ക്കും.
ജി.എസ്.ടി. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുട്ടവിപണന ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശി അബ്ദുള്‍ റഹിമാനടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍. കാര്‍ഷിക ഉത്പന്നവും അവശ്യവസ്തുവുമായ മുട്ട, പഴം, പച്ചക്കറി തുടങ്ങിയവയ്ക്ക് ജി.എസ്.ടി. നിയമത്തില്‍ നികുതി ഒഴിവാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനയ്ക്കായി തുക കണ്ടെത്തുന്നതിനായാണ് എന്‍ട്രിഫീസ് ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചു. തുക റീജണല്‍ ലാബോറട്ടറികളിലെ പരിശോധനയ്ക്കാണ് വിനിയോഗിക്കുന്നത്.
എന്‍ട്രിഫീസിനെ നികുതിയായി കണക്കാക്കാനാകില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.

Related Articles

Back to top button