മഴ കനത്തതോടെ ഡല്‍ഹിയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ മുട്ടോളം വെള്ളത്തിലും രണ്ടെണ്ണം അടിക്കുന്ന പതിവ് ശീലം മുടക്കാനാവില്ലെന്ന നിലയിലാണ് രാജ്യതലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകര്‍. അത്തരമൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്
പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ മുട്ടോളം വെള്ളമെത്തിയിട്ടും ടേബിളിലിരുന്ന് മദ്യപിക്കുന്ന ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരുടെ ചിത്രമാണ് ചര്‍ച്ചയാകുന്നത്. ഡല്‍ഹിയുടെ ഹൃദയഭാഗത്താണ് പ്രസ് ക്ലബ് സ്ഥിതി ചെയ്യുന്നത്.”ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ നിലവിലെ ചിത്രമാണിത്,”ചിത്രം പങ്കുവെച്ച് ഹിന്ദുസ്ഥാന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകനായ ഹേമന്ത് രജൗര എക്‌സില്‍ കുറിച്ചു.
ഫോട്ടോ വൈറലാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് എല്ലാ അംഗങ്ങളും വീടുകളില്‍ തന്നെയിരിക്കണമെന്ന് പ്രസ് ക്ലബ് എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കിയത്. മഴ കനത്തതോടെയാണ് നിര്‍ദേശവുമായി പ്രസ് ക്ലബ് രംഗത്തെത്തിയത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയ്ക്ക് അകത്തും പുറത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ചയുണ്ടായ കനത്ത മഴയില്‍ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.27ഓളം കെട്ടിടങ്ങളും തകര്‍ന്നു വീണിരുന്നു. ഈ അപകടങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെ പരമാവധി താപനില 33 ഡിഗ്രി സെല്‍ഷ്യസായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. പകല്‍സമയം ആകാശം മേഘാവൃതമായി കാണുമെന്നും നേരിയതോ മിതമായതോ ആയ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്.