കല്പറ്റ: ഉരുള്‍പൊട്ടലില്‍ തീര്‍ത്തും ഒറ്റപ്പെട്ട് വയനാട്ടിലെ മുണ്ടക്കൈ മേഖല. കനത്ത നാശനഷ്ടമുണ്ടായ മുണ്ടക്കൈയിലേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എന്‍.ഡി.ആര്‍.എഫിന്റെ ഒരു സംഘം ഇവിടേക്ക് എത്തിയെന്നവിവരമുണ്ടെങ്കിലും റോഡ് മാര്‍ഗം ആളുകളെ പുറത്തെത്തിക്കാന്‍ കഴിയില്ലെന്നാണ് സ്ഥലത്തുള്ളവര്‍ പറയുന്നത്.
മുണ്ടക്കൈയിലേക്കുള്ള പാലം പൂര്‍ണമായി തകര്‍ന്നതോടെയാണ് റോഡ് മാര്‍ഗം എത്തിച്ചേരുന്നതിന് പ്രധാന വെല്ലുവിളിയായത്. ഏകദേശം 250-ഓളം പേര്‍ മുണ്ടക്കൈയില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരങ്ങള്‍. നിരവധി വീടുകള്‍ ഒലിച്ചുപോയി. മേഖലയിലുണ്ടായിരുന്ന ഒന്‍പത് ലയങ്ങളും എസ്റ്റേറ്റിലെ നാല് സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളും ഒലിച്ചുപോയെന്നാണ് വിവരം. ഇവിടങ്ങളില്‍ 65 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന 35 തൊഴിലാളികളെ കാണാനില്ലെന്നും വിവരങ്ങളുണ്ട്.
രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരം, വെല്ലുവിളികളേറെ…
മുണ്ടക്കൈയില്‍ എത്തിച്ചേരുകയെന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. റോഡ് മാര്‍ഗം എത്തിച്ചേരാന്‍ കഴിയില്ല. ആശയവിനിമയം അടക്കം വെല്ലുവിളിയാണ്. നിലവില്‍ എന്‍.ഡി.ആര്‍.എഫിനെ റോപ്പ് ചെയ്ത് മുണ്ടക്കൈയിലേക്ക് എത്തിക്കാനാണ് ശ്രമം. റോഡ് മാര്‍ഗം കുടുങ്ങികിടക്കുന്നവരെ തിരികെയെത്തിക്കാനാകില്ല. ഒന്നുകില്‍ താത്കാലിക പാലം നിര്‍മിക്കണം. അല്ലെങ്കില്‍ എയര്‍ലിഫ്റ്റിങ് സാധ്യത മാത്രമാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചൂരല്‍മലയിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പല വീടുകളും ഇവിടെ ഒലിച്ചുപോയി. ഒരു ഹോംസ്റ്റേയിലുണ്ടായിരുന്ന രണ്ട് വിദേശികളടക്കം ഒട്ടേറെപേരെ രക്ഷപ്പെടുത്തി. എല്ലാ വീടുകളിലും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ പരിശോധന നടത്തിവരികയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.
സൈന്യം വയനാട്ടിലേക്ക്…
ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം യാത്രതിരിച്ചു. കണ്ണൂരില്‍നിന്ന് 150-ഓളം സൈനികരാണ് ഉപകരണങ്ങളുമായി വയനാട്ടിലേക്ക് പുറപ്പെട്ടത്. റവന്യൂവകുപ്പും പോലീസും സൈന്യത്തിന് അകമ്പടിയായുണ്ട്. നേരത്തെ കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘമാണ് വയനാട്ടിലേക്ക് യാത്രതിരിച്ചിരിക്കുന്നത്.