ന്യൂഡല്‍ഹി: വിവാഹമെന്ന സാമൂഹ്യ സ്ഥാപനത്തിന് മുത്തലാഖ് വിനാശകരമാണെന്ന് കേന്ദ്രസര്‍ക്കാര്‍. മുസ്ലിം സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരമാക്കാന്‍ മുത്തലാഖ് കാരണമായെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം അഭിപ്രായപ്പെട്ടു. 2017-ലെ സുപ്രീംകോടതി നടപടികൊണ്ടും മുത്തലാഖ് വഴിയുള്ള വിവാഹമോചനം കുറയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നും കേന്ദ്രം വാദിച്ചു.
മുത്തലാഖിന്റെ ‘ഇരകള്‍’ക്ക് പോലീസിനെ സമീപിക്കുകയല്ലാതെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. എന്നാല്‍, അവര്‍ പോലീസില്‍ പരാതിപ്പെടുമ്പോള്‍, നിയമത്തില്‍ ശിക്ഷിക്കാനുള്ള വകുപ്പുകള്‍ ഇല്ലാത്തതിനാല്‍ നടപടി എടുക്കാന്‍ സാധിക്കില്ല. ഇത് തടയാന്‍ കര്‍ശനമായ നിയമവ്യവസ്ഥകള്‍ ആവശ്യമാണെന്നും കേന്ദ്രം പറയുന്നു.
സുപ്രീംകോടതി മുത്തലാഖിന്റെ നിയമസാധുത എടുത്തുകളഞ്ഞതിനാല്‍ ക്രിമിനല്‍വത്കരിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. സമസ്ത കേരള ജംയ്യത്തുല്‍ ഉലമയാണ് ഹര്‍ജിക്കാര്‍.
മുത്തലാഖ് വഴി വിവാഹമോചിതരാക്കപ്പെട്ട മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റിന്റെ വിവേചനാധികാരത്തിലാണ് നിയമം നടപ്പിലാക്കിയത്. വിവാഹിതരായ മുസ്ലിം സ്ത്രീകളുടെ ലിംഗനീതിയുടേയും തുല്യതയുടേയും ഭരണഘടനാ ലക്ഷ്യങ്ങള്‍ ഉറപ്പാക്കാന്‍ നിയമം സഹായിക്കുന്നുവെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു.
72 Less than a minute