കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കാൻ പ്രിയങ്കയോളം ശക്തയായൊരു നേതാവില്ലെന്ന് വാദിക്കുന്നവർക്ക് ആശ്വസിക്കാം. സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക എത്തുന്നു. മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുടെ മുഖച്ഛായയും ആത്മവിശ്വാസവും ഒക്കെ മൂലം ഇന്ദിര ഗാന്ധിയുമായി പ്രിയങ്ക ഗാന്ധിയെ താരതമ്യം ചെയ്യുന്നവരുണ്ട്. ഏറെക്കാലമായി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് അവർ വിട്ടു നിൽക്കുകയായിരുന്നു.
സോണിയ ഗാന്ധിയുടെ മണ്ഡലങ്ങളായ റായ്ബറേലിയിലും അമേത്തിയിലും പ്രിയങ്ക ഗാന്ധി പതിവായി രാഷ്ട്രീയ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതിനാൽ അവിടെ മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചനകൾ. എന്നാൽ വയനാട് തന്നെ കന്നിയങ്കത്തിനായി പ്രിയങ്കഗാന്ധിയും തെരഞ്ഞെടുത്തിരിക്കുകയാണ്.
സീറ്റ് വിഭജനത്തെച്ചൊല്ലി പാർട്ടി പ്രവർത്തകർക്കുള്ളിലുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാൻ പലപ്പോഴും പ്രിയങ്ക ഗാന്ധി ഇടപെടാറുണ്ട്. യുപിയിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും തമ്മിലുണ്ടായ തർക്കങ്ങൾ പ്രിയങ്ക ഗാന്ധി ഇടപെട്ടാണ് പരിഹരിച്ചത് പോലും. ഈ മീഡിയേറ്റർ റോളിൽ തിളങ്ങിയിരുന്ന പ്രിയങ്ക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എത്തുന്നത് കോൺഗ്രസിന് കൂടുതൽ ഉണർവേകും എന്നതിൽ സംശയമില്ല.
2004-ലെ പൊതുതെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയുടെ പ്രചാരണത്തിൻെറ ചുമതല പ്രിയങ്ക ഗാന്ധിക്കായിരുന്നു. 2007-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അമേത്തി, റായ്ബറേലി മേഖലയിലെ സീറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. സോണിയ ഗാന്ധിയുടെ പ്രചാരണത്തിനായി പ്രസംഗങ്ങൾ എഴുതുന്നത് പോലും പ്രിയങ്ക ഗാന്ധി ആയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. 16-ാം വയസിൽ ആയിരുന്നു ആദ്യ രാഷ്ട്രീയ പ്രസംഗം. എതിരാളികൾക്ക് കുറികൊള്ളുന്ന മറുപടികൾ കൊടുത്തും കൃത്യമായ രാഷ്ട്രീയ അജണ്ടകൾ മുന്നിൽക്കണ്ടും പ്രചാരണങ്ങൾ നയിക്കാൻ പ്രിയങ്കഗാന്ധിക്കായിട്ടുണ്ട്. കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം മല്ലികാർജുൻ ഖാർഗെ ഏറ്റെടുത്തതും പിളർന്നുകൊണ്ടിരുന്ന സംഘടനയെ ശക്തമാക്കി. 18-ാം ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിലൂടെ കോൺഗ്രസിൻെറ തിരിച്ചുവരവ് രാഷ്ടീയ നിരീക്ഷകരെയും അമ്പരപ്പിച്ചു. എക്സിറ്റ് പോളുകൾ എല്ലാം കാറ്റിൽ പറത്തിയ പ്രകടനം. എന്തായാലും പ്രിയങ്കഗാന്ധിയുടെ വരവ് പാർട്ടിയെ കൂടുതൽ ശക്തമാക്കും.