ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയില്‍ വന്‍ കൊള്ള. തോക്ക് ചൂണ്ടി ഏഴ് കോടി രൂപയുടെ സ്വര്‍ണമാണ് കവർന്നെടുത്തത്. കൃഷ്ണഗിരിയിലെ ഹൊസൂരിൽ നിന്ന് ബെഗളൂരുവിലേക്ക് പോകുന്ന റോഡിലെ ബാഗൂരിലുള്ള മുത്തൂറ്റ് ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തിയപ്പോൾ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാർ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. ശേഷം ലോക്കർ തുറന്ന് സ്വർണവും പണവും കവരുകയായിരുന്നു.
ആറംഗസംഘമാണ് കവർച്ച നടത്തിയത്. ഇവർ കവർച്ചയ്ക്കുശേഷം വാഹനത്തിൽ ബംഗളൂരു ഭാഗത്തേക്കാണ് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 25091 ഗ്രാം സ്വർണവും 96,000 രൂപയുമാണ് നഷ്ടമായത്. സംഭവം അറിഞ്ഞയുടൻ പോലീസെത്തി സിസിടിവി പരിശോധിച്ചു. അഞ്ച് പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.