സ്വര്‍ണക്കടത്ത് കേസില്‍ തന്റെ പേര് ഉള്‍പ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി കാരാട്ട് റസാഖ് എംഎല്‍എ. പ്രതികളാരും തന്റെ പേര് പറഞ്ഞിട്ടില്ല, പ്രതിയുടെ ഭാര്യയാണ് തന്റെ പേര് പറഞ്ഞതെന്നും കാരാട്ട് റസാഖ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്നും എംഎല്‍എ പറഞ്ഞു.
നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് എംഎല്‍എയുമായി അടുത്ത ബന്ധമെന്ന് പ്രതി സന്ദീപിന്റെ ഭാര്യ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. റിപ്പോര്‍ട്ടില്‍ കാരാട്ട് ഫൈസല്‍ എന്ന പേരിനൊപ്പം കാനാട്ട് റസാഖ് എന്ന പേരും പരാമര്‍ശിക്കുന്നു. എന്നാല്‍ ഇത് കാരാട്ട് റസാഖ് എംഎല്‍എ തന്നെയാണോ എന്നുറപ്പില്ല. ഇവര്‍ ഒരു സംഘമായാണ് പ്രവര്‍ത്തിച്ചത്. പ്രതികള്‍ തമ്മില്‍ നടത്തിയ ആശയ വിനിമയത്തിലും എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഘട്ടത്തിലും എംഎല്‍എ നേരിട്ട് ഇടപെട്ടതായി അറിയില്ലെന്നും മൊഴിയുണ്ട്. റമീസ് വഴിയായിരുന്നു എംഎല്‍എയും ഇടപെടല്‍. ഇക്കാര്യം രഹസ്യ റിപ്പോര്‍ട്ടായി കസ്റ്റംസ് കേന്ദ്രത്തിന് നല്കി.
ഇതിന് പിന്നാലെയാണ് കാരാട്ട് റസാഖ് എംഎല്‍എയുടെ പ്രതികരണം. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത് കേസില്‍ തന്റെ പേര് വന്നതില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നുവെന്ന സംശയവും എംഎല്‍എ പ്രകടിപ്പിച്ചു.