BREAKING NEWSWORLD

മുന്‍ കാമുകിയുടെ ദുര്‍മന്ത്രവാദത്തില്‍ രക്ഷപ്പെടാന്‍ മന്ത്രവാദം, പക്ഷേ നോ രക്ഷ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്

വാഷിംഗ്ടണ്‍: കൊവിഡ്19 പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനിടെ അമേരിക്കയില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. മുന്‍ കാമുകി നടത്തിയ ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ കാമുകന്‍ മന്ത്രവാദം നടത്തിയതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ എത്തിയ വാര്‍ത്തയാണ് വിദേശമാധ്യമങ്ങള്‍ പുറത്തുവിട്ടത്. കാമുകി നടത്തിയ മന്ത്രവാദത്തില്‍ നിന്നും രക്ഷനേടാന്‍ നടത്തിയ മന്ത്രവാദം ഫലിച്ചില്ലെന്ന് ആരോപിച്ച് മന്ത്രവാദി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നത്. മുന്‍ കാമുകി തനിക്കെതിരെ നടത്തിയ ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷനേടാന്‍ തനിക്കായി നടത്തിയ മന്ത്രവാദം ഫലമുണ്ടാക്കിയില്ലെന്നാണ് മൗറോ റെസ്‌ട്രെപോ ആരോപിക്കുന്നത്. പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാല്‍ തനിക്കായി മന്ത്രവാദം നടത്തിയ മന്ത്രവാദി 25,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കാണിഫോര്‍ണിയയിലെ ടോറന്‍സ് സുപ്പീരിയര്‍ കോടതിയെ സമീപിച്ചത്. മന്ത്രവാദിക്കെതിരെ വഞ്ചനക്കുറ്റമാണ് യുവാവ് ആരോപിക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ കാമുകി നടത്തിയ മന്ത്രവാദത്തില്‍ നിന്നും രക്ഷനേടാന്‍ പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്യാന്‍ 5,100 ഡോളറാണ് (3.8 ലക്ഷം രൂപ) സോഫിയ പ്രതിഫലമായി ആവശ്യപ്പെട്ടത്. പ്രശ്‌നത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് 1000 ഡോളര്‍ (74,000 രൂപ) നല്‍കി. പണം വാങ്ങിയ ശേഷം പ്രശ്‌നപരിഹാരത്തിനായി മന്ത്രവാദം ആരംഭിച്ചു എന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഈ കര്‍മ്മങ്ങള്‍ക്ക് കഴിഞ്ഞില്ല. ഉറക്കമില്ലായ്മയും ക്ഷീണവും തുടരുകയാണ്. ഭയപ്പെടുത്തുന്ന സ്വപ്നങ്ങളും തുടര്‍ന്ന് ഉല്‍ക്കണ്ഠയും മാറ്റാന്‍ കര്‍മ്മങ്ങള്‍ക്ക് സാധിച്ചുമില്ല. മന്ത്രവാദത്തിന്റെ പേരില്‍ പണം തട്ടിയെടുക്കുകയാണ് ചെയ്തത്. സോഫിയയെ കൂടാതെ അവരുടെ ഭര്‍ത്താവും മക്കളും ഈ തട്ടിപ്പില്‍ പങ്കാളികളാണെന്നും മൗറോ റെസ്‌ട്രെപോ പരാതിയില്‍ പറയുന്നുണ്ട്.
മുന്‍ കാമുകിയുമായി ബന്ധം അവസാനിപ്പിച്ച ശേഷമാണ് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് മൗറോ വ്യക്തമാക്കി. ഈ ബന്ധം ഉപേക്ഷിച്ച ശേഷം മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ അസാധാരണമായ അവസ്ഥകളാണ് നേരിടേണ്ടിവന്നത്. ഉറക്കമില്ലായ്മയും ക്ഷീണവും രൂക്ഷമായി. ഭയപ്പെടുത്തുന്ന സ്വപ്നങ്ങളും തുടര്‍ന്ന് ഉല്‍ക്കണ്ഠയും ശക്തമായതോടെ ജീവിതം ദുരിതത്തിലായി. പ്രശ്‌നത്തില്‍ നിന്നും മോചനം ഉണ്ടാകാതെ വന്നതോടെയാണ് മന്ത്രവാദിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ഗൂഗിളില്‍ തെരഞ്ഞാണ് സോഫിയ ആഡംസ് എന്ന മന്ത്രവാദിയെ കണ്ടെത്തിയത്. സൈക്കിക് ലവ് സ്‌പെഷ്യലിസ്റ്റ് എന്നതിനൊപ്പം പി എച്ച് ഡി ലൈഫ് കൊച്ച് എന്ന വിശേഷണവുമാണ് അവര്‍ സൈറ്റില്‍ നല്‍കിയിരുന്നത്. തന്റ് പ്രശ്‌നം പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിയുമെന്ന് വ്യക്തമായതോടെയാണ് രണ്ട് ദിവസത്തിന് ശേഷം സോഫിയ ആഡംസിനെ നേരില്‍ കണ്ടതെന്നും പരാതിയില്‍ യുവാവ് വ്യക്തമാക്കുന്നുണ്ട്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സോഫിയ ആഡംസുമായി കൂടിക്കാഴ്ച നടത്തിയെന്ന് മൗറോ വ്യക്തമാക്കി. മുന്‍ കാമുകിയുടെ ശാപമാണ് പ്രശ്‌നകാരണമെന്ന് അവര്‍ പറഞ്ഞു. ‘തന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഒരു തത്തയെക്കൊണ്ട് കാര്‍ഡ് എടുപ്പിച്ച ശേഷമാണ് സോഫിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബന്ധം അവസാനിപ്പിച്ചതിന് ശേഷം മുന്‍ കാമുകിയായ യുവതി ഒരു മന്ത്രവാദിയെ സമീപിച്ചെന്നും അവര്‍ ദുര്‍മന്ത്രവാദം നടത്തിയതാണ് തന്റെ പ്രശ്‌നകാരണമെന്നും സോഫിയ പറഞ്ഞു. ശക്തമായ മന്ത്രവാദമാണ് യുവതിയുടെ നേതൃത്വത്തില്‍ നടന്നത്. വേറെ വിവാഹം ചെയ്താല്‍ മൗറോയും കുടുംബവും വലിയ ദുരിതം അനുഭവിക്കേണ്ടിവരും. ഈ സാഹചര്യം മറികടക്കാന്‍ ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്യേണ്ടതുണ്ട്’ എന്നും സോഫിയ പറഞ്ഞുവെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker