ഇടുക്കി: വര്‍ഷങ്ങളായി മലയാളികളുടെ നെഞ്ചിലെ തീയായി തുടരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഇന്ന് 129 വയസ്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും തമിഴ്‌നാട്ടുകാര്‍ക്ക് വെള്ളവും കിട്ടാന്‍ പുതിയ അണക്കെട്ട് വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
തെക്കന്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് മുല്ലപ്പെരിയാറില്‍ അണക്കെട്ട് പണിതത്. 1886 ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളും മദ്രാസ് റെസിഡന്‍സിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയാന്‍ തീരുമാനിച്ചത്. 1886 ലാണ് ഡാമിന്റെ പണിക്ക് തുടക്കം കുറിച്ചത്. സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന ജോണ്‍ പെന്നിക്വിക്കാണ് അണക്കെട്ട് നിര്‍മിച്ചത്. നിര്‍മാണഘട്ടത്തില്‍ രണ്ട് തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയെങ്കിലും പെന്നി ക്വിക്ക് നിരാശനായില്ല. ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ദൗത്യം പൂര്‍ത്തീകരിച്ചത്. കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ ശിവഗിരി മലയിലെ ചൊക്കംപെട്ടിയില്‍ നിന്ന് ഉല്‍ഭവിക്കുന്ന പെരിയാറും മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു. ഈ നദിക്ക് കുറുകെയാണ് വിവാദങ്ങളും- ചരിത്രവുമായ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
അണക്കെട്ടിന്റെ നിര്‍മ്മാണത്തോടെയാണ് പെരിയാര്‍ വന്യജീവി സങ്കേതവും തേക്കടി തടാകവുമെല്ലാം രൂപം കൊണ്ടത്. 1895 ഒക്ടോബര്‍ പത്തിന് വൈകിട്ട് ആറ് മണിക്കാണ് മദ്രാസ് ഗവര്‍ണര്‍ വെള്ളം തുറന്നുവിട്ട് ഡാം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തത്. കനാല്‍ മാര്‍ഗം 125 കിലോ മീറ്റര്‍ വരെ ദൂരത്തിലാണ് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിക്കുന്നത്. 50 വര്‍ഷം ആയുസ്സ് കണക്കാക്കി പണിത അണക്കെട്ട് 129 വര്‍ഷം പിന്നിട്ടതോടെ കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ പേടി സ്വപ്നമാണിപ്പോള്‍.
45 1 minute read