ഹൈദരാബാദ്: മുസ്ലിം യുവതിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു. ഹൈദരാബാദിലെ സരൂര്‍നഗറില്‍ മെയ് നാലിനാണ് സംഭവം. 26കാരനായ നാഗരാജു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുവും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പ്രതികള്‍ക്കെതിരെ ഐപിസി 302 വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ യുവതിയുടെ സഹോദരനും മറ്റൊരു ബന്ധുവും ചേര്‍ന്ന് ബൈക്കില്‍ പിന്തുടര്‍ന്നെത്തി തടയുകയായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ദമ്പതികളെ ആക്രമിച്ച പ്രതികള്‍ യുവാവിനെ മര്‍ദിച്ച ശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. യുവാവിനെ രക്ഷിക്കാന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയതില്‍ അഞ്ച് പുരുഷന്മാര്‍ക്ക് പങ്കുണ്ടെന്ന് നാഗരാജുവിന്റെ ഭാര്യ പറഞ്ഞു. പത്താം ക്ലാസ് മുതല്‍ തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹം ആലോചിച്ച് നാഗരാജു സമീപിച്ചെങ്കിലും തന്റെ വീട്ടുകാര്‍ ആവശ്യം നിരസിക്കുകയായിരുന്നു. വിവാഹം നടത്തുന്നതിനായി ഇസ്ലാം മതം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നുവെങ്കിലും വീട്ടുകാര്‍ അംഗീകരിച്ചില്ലെന്നും യുവതി പറഞ്ഞു.
യുവതിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ജനുവരി 31നാണ് പട്ടികജാതി വിഭാഗത്തിലെ മാല സമുദായത്തിലെ അംഗമായ യുവാവ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. വിവാഹ ശേഷം ഹൈദരാബാദിലെ സരൂര്‍നഗറില്‍ താമസം ആരംഭിച്ചെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും എതിര്‍പ്പ് തുടര്‍ന്നതോടെ ഇരുവരും വിശാഖപട്ടണത്തേക്ക് താമസം മാറി. തുടര്‍ന്ന് നഗരത്തില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിനുള്ളിലാണ് യുവാവ് കൊല ചെയ്യപ്പെട്ടത്.