BREAKING NEWSNATIONAL

‘മുസ്ലിം യുവാക്കള്‍ പശുക്കളെ സംരക്ഷിക്കണം’; സംഘര്‍ഷത്തിലെ നഷ്ടം കലാപകാരികളില്‍നിന്ന് ഈടാക്കുമെന്നും ഖട്ടര്‍

ചണ്ഡീഗഢ്: ഹരിയാണയില്‍ സാമുദായിക സംഘര്‍ഷത്തിനിടെ സ്വകാര്യ വസ്തുവകകള്‍ക്കുണ്ടായ നഷ്ടം കലാപകാരികളില്‍നിന്ന് തന്നെ ഈടാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. സംഘര്‍ഷത്തിന് പിന്നിലെ ഗൂഢാലേചന സംസ്ഥാന സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുമെന്നും കലാപത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ ഇരകള്‍ക്ക് സഹായം നല്‍കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട നൂഹ് ജില്ലയില്‍ ഗോസംരക്ഷണം വലിയ പ്രശ്നമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പശുക്കളെ സംരക്ഷിക്കണമെന്ന് ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. സാമൂഹികമൈത്രി ഉറപ്പാക്കുമെന്നതിനാല്‍ ഗോസംരക്ഷണത്തിന് മുസ്ലിം യുവാക്കള്‍ മുന്നോട്ടുവരുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കുമെന്നും ഖട്ടര്‍ പറഞ്ഞു.
സംഘര്‍ഷത്തിനിടെ സംസ്ഥാനത്തെ എല്ലാവരെയും സംരക്ഷിക്കുക എന്നത് പോലീസിന് സാധ്യമല്ലെന്നും അതിനാല്‍ സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും സംരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചത്തെ അക്രമത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്ന മോനു മനേസറിനെ കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ല. ഇയാളെ കണ്ടുപിടിക്കുന്നതിന് രാജസ്ഥാന്‍ സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യാന്‍ തയ്യാറാണെന്നും ഖട്ടര്‍ പറഞ്ഞു
തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഇതിനകം മരിച്ചവരുടെ എണ്ണം ആറായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 119 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വേറെ 90 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് രേഖപ്പെടുത്താന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു പോര്‍ട്ടലിലൂടെ സര്‍ക്കാര്‍ ഇതിന്റെ മൂല്യനിര്‍ണയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഹോം ഗാര്‍ഡുകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഹരിയാണയില്‍ 20 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇതില്‍ 14 എണ്ണം നൂഹ് ജില്ലയിലാണുള്ളത്. മൂന്നെണ്ണം പല്‍വാലിലും രണ്ടെണ്ണം ഗുരുഗ്രാമിലും ഒരു കമ്പനിയെ ഫരീദാബാദിലുമാണ് വിന്യസിച്ചിട്ടുള്ളത്. നാല് കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെ കൂടി നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുള്ളതായും ഹരിയാണ മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker