BREAKING NEWS

മുസ്ലിം ലീഗിലെ പ്രതിസന്ധി കനക്കുന്നു; വിമത യോഗത്തില്‍ പങ്കെടുത്ത് മുഈനലി തങ്ങള്‍

കോഴിക്കോട്: മുസ്ലിം ലീഗിനെ വീണ്ടും പ്രതിസന്ധിയിലാക്കി വിമതയോഗത്തില്‍ പങ്കെടുത്ത് യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള വിമത യോഗത്തിലാണ് മുഈനലി തങ്ങള്‍ പങ്കെടുത്തത്. ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളിലാണ് യോഗം വിളിച്ചുചേര്‍ത്തത്.
യോഗത്തില്‍ ഹൈദരലി തങ്ങളുടെ മകന്‍ കൂടിയായ മുഈനലി തങ്ങള്‍ക്കു പുറമേ മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി അംഗം, ജില്ലാ ഭാരവാഹികള്‍, ഹരിത വിഷയത്തില്‍ നടപടി നേരിട്ട എം.എസ്.എഫ്. നേതാക്കളും പങ്കെടുത്തു. ലീഗില്‍ നടപടി നേരിട്ടവരും അസംതൃപ്തരായി തുടരുന്നവരുമായ എണ്‍പതോളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ ജൂലായില്‍ കൊച്ചിയില്‍ നടന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വിമര്‍ശനം നടത്തിയതിന് നടപടി നേരിട്ടയാളാണ് കെ.എസ്. ഹംസ. പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് ഇദ്ദേഹത്തെ നീക്കിയതായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രികയിലെ അഴിമതിക്കെതിരെയും പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയടക്കം പല വിഷയങ്ങളില്‍ ലീഗ് നേതൃത്വത്തിനെതിരേ പരസ്യ വിമര്‍ശനം നടത്തിയ വ്യക്തിയാണ് മുഈനലി തങ്ങള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker