BREAKING NEWSKERALA

മുസ്‌ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ സാധുതയെങ്കില്‍ വിവാഹമോചനം അനുവദിക്കണം, കൂടുതല്‍ പരിശോധന വേണ്ട: ഹൈക്കോടതി

കൊച്ചി: മുസ്‌ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിവാഹമോചനങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ സാധുതയുണ്ടെന്ന് ബോധ്യമായാല്‍ കൂടുതല്‍ അന്വേഷണമില്ലാതെ വിവാഹമോചനം അനുവദിക്കണമെന്ന് ഹൈക്കോടതി. മുസ്‌ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതിക്കു പുറത്തുള്ള തലാഖ്, ഖുല്‍അ, താലഖ് ഇ ത്വാഫിസ്, മുബാറത്ത് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുള്ള വിവാഹ മോചനക്കേസുകള്‍ പരിഗണിക്കുമ്പോള്‍ കുടുംബക്കോടതികള്‍ വിശദമായ പരിശോധനയിലേക്ക് കടക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.
ഇക്കാര്യത്തില്‍ കുടുംബക്കോടതികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
തലാഖ് ചൊല്ലി വിവാഹമോചനം നേടിയ ഭര്‍ത്താവിന്റെ നടപടി തന്റെ വാദം കേള്‍ക്കാതെ കുടുംബക്കോടതി ശരിവെച്ചതിനെ ചോദ്യംചെയ്ത് മൂവാറ്റുപുഴ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 2019 ഡിസംബര്‍ 29നാണ് ഹര്‍ജിക്കാരിയെ ഭര്‍ത്താവ് മൂന്നാം തലാഖ് ചൊല്ലിയത്. ഇക്കാര്യം രജിസ്‌ട്രേഡ് പോസ്റ്റ് വഴി അറിയിക്കുകയും ചെയ്തു.
ഇതിന് നിയമസാധുതയില്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. എന്നാല്‍, മുസ്‌ലിം വ്യക്തിനിയമപ്രകാരം തലാഖ്, ഖുല്‍അ, താലഖ് ഇ ത്വാഫിസ്, മുബാറത്ത് എന്നീ മാര്‍ഗങ്ങളിലൂടെയുള്ള വിവാഹമോചനം സാധ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുടുംബക്കോടതികള്‍ക്ക് വിശദാന്വേഷണങ്ങള്‍ക്കുള്ള അവസരം പരിമിതമാണെന്ന കോടതി ഉത്തരവുകളും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരിയുടെ കാര്യത്തില്‍ ആവശ്യമെങ്കില്‍ ഇരുപക്ഷത്തെയും കേട്ട് ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
മാര്‍ഗനിര്‍ദേശങ്ങള്‍
* മുസ്‌ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിവാഹമോചന കേസുകളില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കണം
* കക്ഷികളുടെ മൊഴിയെടുക്കണം
* വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണം
* മൊഴിയും രേഖകളും പരിശോധിച്ച് വിവാഹമോചനത്തിന്റെ സാധുത തീരുമാനിക്കണം
* മുബാറത്ത് മാര്‍ഗത്തിലുള്ള മോചനമാണെങ്കില്‍ ധാരണാപത്രമുണ്ടെന്ന് ഉറപ്പാക്കണം
* നേരിട്ട് ഹാജരാകാനാവില്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിങ് അനുവദിക്കണം
* ന്യായമായ കാരണമില്ലാതെ ഹാജരായില്ലെങ്കില്‍ ഒരുമാസത്തിനകം ഹര്‍ജി തീര്‍പ്പാക്കണം

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker