തിരുവനന്തപുരം: കായിക താരവും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് സജീവ രാഷ്ട്രീയത്തിലേക്ക്. സർവീസിൽ നിന്നും വിരമിച്ച പത്മിനി തോമസ്തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായേക്കും. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം പത്മിനി തോമസുമായി ആശയവിനിമയം നടത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം കോർപ്പറേഷൻ കളമൊരുങ്ങുന്നത്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. പ്രതിപക്ഷത്ത് ബിജെപിയെത്തി. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കുന്നത്.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വം പത്മിനി തോമസുമായി ആശയവിനിമയം നടത്തി. എൽഡിഎഫിനെ യും ബിജെപിയെയും നേരിടാൻ പൊതുസമ്മതരെ രംഗത്തിറക്കാനാണ് നീക്കം. ഈ വർഷം മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ച പത്മിനി വർഷങ്ങളായി തലസ്ഥാനത്ത് സജീവമാണ്. അർജുന അവാർഡ് ജേതാവായ പത്മിനി തോമസിന് ഏഷ്യൻ ഗെയിംസിലും മെഡൽ ലഭിച്ചിട്ടുണ്ട്. ജി.വി.രാജ അവാർഡും ലഭിച്ചിട്ടുണ്ട്.