BREAKINGKERALANEWS

മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുസ്ലിംലീഗ് നേതാവും, മുൻ മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു.
71 വയസായിരുന്നു. കുറച്ചുകാലം ഉണ്ടായ അപകടത്തെ തുടർന്ന് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

2004 – ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. മൂന്നുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. താനൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ നിന്നായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1982 മുതൽ 84 വരെയും 1988 മുതൽ 90 വരെയും താനൂർ പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മന്ത്രി എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടമാക്കിയ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. നിയമസഭാ ചർച്ചകൾക്ക് സാമൂഹികമായ മാനത്തിനൊപ്പം സാഹിത്യപരമായ മാനം കൂടി ഉൾച്ചേർക്കുന്നതിൽ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചു.

തൻ്റെ നാടിൻ്റെയും താൻ പ്രതിനിധാനം ചെയ്ത ജനവിഭാഗത്തിന്റെയും താല്പര്യങ്ങൾക്ക് വേണ്ടി സഭയിൽ അദ്ദേഹം നിരന്തരം ശബ്ദം ഉയർത്തി. താൻ ഉൾക്കൊള്ളുന്ന സമുദായത്തിന്റെ താൽപര്യ സംരക്ഷണം സാധ്യമാകുന്നത് പൊതുതാൽപര്യ സംരക്ഷണത്തിലൂടെയാണ് എന്ന് വിശ്വസിച്ച മതനിരപേക്ഷ സ്വഭാവമുള്ള നേതാവായിരുന്നു അദ്ദേഹം.

കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related Articles

Back to top button