മുൻ മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും ബിജെപിക്ക് വോട്ടു മറിച്ചെന്ന ആരോപണവുമായി തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥി. നെടുങ്കാട് ഡിവിഷനിൽ പരാജയപ്പെട്ട പത്മകുമാറാണ് നേതാക്കൾക്കെതിരെ രംഗത്തെത്തിയത്. വോട്ടു മറിച്ച വിഷയത്തിൽ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെന്നും പത്മകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
സിപിഐഎം ശക്തികേന്ദ്രമായ നെടുങ്കാട് വാർഡ് പിടിക്കാൻ യുഡിഎഫ് നിയോഗിച്ചത് ഫോർവേഡ് ബ്ലോക്കിലെ പത്മകുമാറിനെയാണ്. ഫലം വന്നപ്പോൾ സിപിഐഎം മേയർ സ്ഥാനത്തേക്ക് കണ്ടുവച്ചിരുന്ന സിറ്റിംഗ് കൗൺസിലർ പുഷ്പ ലതയും യുഡിഫ് സ്ഥാനാർത്ഥി പത്മ കുമാറും തോറ്റു. ജയിച്ചത് ബിജെപിയിലെ കരമന അജിത്താണ്.
കഴിഞ്ഞ തവണ യുഡിഎഫിന് 1169 വോട്ടുകൾ ലഭിച്ചിടത്ത് ഇക്കുറി കിട്ടിയത് വെറും 74 വോട്ട് മാത്രമാണ്. സ്ഥാനാർത്ഥികളോടുള്ള കോൺഗ്രസിന്റെ സമീപനമാണ് കോർപറേഷനിൽ സീറ്റ് കുറയാനിടയാക്കിയതെന്നും പത്മകുമാർ പറയുന്നു. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പത്മകുമാർ പറഞ്ഞു.