12000 രൂപയ്ക്ക് ഭക്ഷണം കഴിച്ച് ഒരു രൂപാ പോലും ബില്ലടയ്ക്കാതെ ഹോട്ടലില്‍ നിന്നും മുങ്ങി ദമ്പതികള്‍. എന്നാല്‍, രസം ഇതൊന്നുമല്ല. കഴിച്ച ഭക്ഷണത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവയ്ക്കാന്‍ ഇരുവരും മറന്നില്ല.
ആഗസ്ത് അഞ്ചിന് യുകെയിലെ ഡോര്‍സെറ്റിലെ ലാസി ഫോക്‌സ് റെസ്റ്റോറന്റില്‍ നിന്നാണത്രെ ഇരുവരും ലാവിഷായി ഭക്ഷണം കഴിച്ചത്. ബര്‍ഗറുകള്‍, ഹാലൂമി, സ്വീറ്റ് പൊട്ടറ്റോ ഫ്രൈസ്, ബിസ്‌കോഫ് ചീസ് കേക്ക് എന്നിവയ്ക്കൊപ്പം ആറ് എസ്പ്രസ്സോ മാര്‍ട്ടിനിയും ഇരുവരും കഴിച്ചത്രെ.
റെസ്റ്റോറന്റ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന വീഡിയോയില്‍ പറയുന്നത് ദമ്പതികള്‍ ഏകദേശം ഒരു മണിക്കൂറെടുത്താണ് തങ്ങളുടെ ഭക്ഷണം കഴിച്ചു തീര്‍ത്തത് എന്നാണ്. സിഗരറ്റിന് വേണ്ടി പുറത്ത് പോകുന്നു എന്നും പറഞ്ഞാണ് ഇരുവരും എഴുന്നേറ്റത്. എന്നാല്‍, സിഗരറ്റിന്റെ പേരും പറഞ്ഞ് പോയ രണ്ടുപേരും പിന്നെ തിരികെ വന്നില്ല, ബില്ലും അടച്ചില്ല.
ഭക്ഷണത്തിന്റെയും ഡ്രിങ്ക്‌സിന്റെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഉടനെ തന്നെ ഇരുവരും സ്ഥലം വിട്ടതായിട്ടാണ് റെസ്റ്റോറന്റ് ആരോപിക്കുന്നത്. ലേസി ഫോക്സിന്റെ കോ ഫൗണ്ടര്‍ മൗറിസിയോ സ്പിനോള പറയുന്നത് സംഭവം ജീവനക്കാരെ ഞെട്ടിച്ചു എന്നാണ്. തന്റെ കമ്പനി സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന കമ്പനിയാണ്. ഇങ്ങനെ പണം തരാതെ മുങ്ങിയാല്‍ അത് ബാധിക്കുമെന്നും സ്പിനോള പറഞ്ഞു.
സിഗരറ്റ് വലിക്കാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ പേഴ്‌സോ, മൊബൈലോ വാങ്ങി വയ്ക്കാന്‍ സാധിക്കില്ലല്ലോ തങ്ങളുടേത് ഒരു ചെറിയ സ്ഥാപനമാണ് ആളുകള്‍ ഇങ്ങനെ തുടങ്ങിയാലെന്ത് ചെയ്യും എന്നാണ് ഉടമകള്‍ ചോദിക്കുന്നത്. എന്തായാലും, ഡോര്‍സെറ്റ് പോലീസ് പറയുന്നത് ദമ്പതികളെ കുറിച്ച് സൂചന കിട്ടിയിട്ടുണ്ട് എന്നാണ്.
82 1 minute read