ഭോപ്പാല്‍: മൂന്നര വയസ്സുകാരിയായ നഴ്സറി വിദ്യാര്‍ഥിനിയെ സ്കൂള്‍ ബസിനുള്ളില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. ബസ് ഡ്രൈവറും സംഭവം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.
പീഡന വിവരം മറച്ചുവെക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചിരുന്നുവോ എന്ന കാര്യം അന്വേഷിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം സിങ് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് പ്രതികരണം തേടി സ്കൂള്‍ പ്രിന്‍സിപ്പലിനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നാണ് വിവരം. കുട്ടി വീട്ടിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോള്‍ വസ്ത്രം മാറിയിരിക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് ഒരു കൗണ്‍സിലിങ്ങിനായി കുട്ടിയെ വീട്ടുകാര്‍ കൊണ്ട് പോയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. അടുത്ത ദിവസം സ്കൂളിലെത്തിച്ചപ്പോള്‍ ഡ്രൈവറെ കുട്ടി തിരിച്ചറിയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവം എവിടെ വെച്ചാണ് നടന്നതെന്നും അന്വേഷിക്കുന്നുണ്ട്. പോക്സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.