LATESTKERALA

‘മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍’; വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി നിലപാട് കടുപ്പിച്ച് പാലാ രൂപത

 


മൂന്നു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടി ആണ് വിവാദത്തില്‍ ആയത്. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് കാരണമായ പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കി പാലാ രൂപത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്.

പുതിയ സര്‍ക്കുലറില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് തരത്തിലുള്ള ആനുകൂല്യങ്ങളാണ് പാലാ രൂപത വിശ്വാസികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

1. 2000 ന് ശേഷം വിവാഹം കഴിഞ്ഞ പാലാ രൂപതാ അംഗങ്ങളായ ദമ്പതിമാര്‍ക്ക് അഞ്ചോ അതിലധികമോ കുട്ടികളുണ്ടെങ്കില്‍ ഓരോ മാസവും 1500 രൂപ സാമ്പത്തിക സഹായം നല്‍കും. 2021 ഓഗസ്റ്റ് മുതല്‍ ആനുകൂല്യം നല്‍കും.

2. നാല് കുട്ടികളില്‍ കൂടുതലുള്ള ദമ്പതിമാരില്‍ ഒരാള്‍ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് രൂപതയുടെ ആശുപത്രിയില്‍ ജോലിക്ക് മുന്‍ഗണന.

3. രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലും, മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന്‍ ആശുപത്രിയിലും നാലാമത്തെ കുട്ടി മുതല്‍ പ്രസവ ചികിത്സ സൗജന്യം.

4. മൂന്നു കുട്ടികളില്‍ മേലുള്ള കുടുംബങ്ങളില്‍ നിന്നും രൂപതയുടെ പാലയിലെ ആശുപത്രിയില്‍ പ്രവേശനം ലഭിക്കുന്ന നാലാമത്തെ കുട്ടിക്ക് നഴ്‌സിങ് കോഴ്‌സിന് സൗജന്യ പഠനം.

5. നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് രൂപതയ്ക്ക് കീഴിലെ എന്‍ജിനീയറിങ് കോളേജില്‍ ട്യൂഷന്‍ ഫീ സൗജന്യം. ഫുഡ് ടെക്‌നോളജി കോളേജിലും ഇതേ സൗജന്യം ഉണ്ടാകും.

6. 2000 മുതല്‍ 2021 വരെ ജനിച്ച നാലാമത്തെ മുതലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിന് പ്രത്യേക പരിഗണന.

Inline

നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂപത ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച്ചയായതോടെ ഈ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ ഔദ്യോഗിക സര്‍ക്കുലറാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്ളതായി പ്രഖ്യാപിക്കുന്നത്.

പ്രതിസന്ധി കാലഘട്ടത്തില്‍ കുടുംബങ്ങള്‍ വിഷമിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനങ്ങള്‍ എന്ന പാലാ രൂപത വ്യക്തമാക്കുന്നു. കുടുംബ വര്‍ഷമായി 2021 പ്രഖ്യാപിക്കാനുള്ള മാര്‍പാപ്പയുടെ തീരുമാനം വന്നത് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക ആനുകൂല്യങ്ങള്‍ പാലാ രൂപതാ പ്രഖ്യാപിച്ചിരിക്കുന്നത്. രൂപതയുടെ തീരുമാനത്തിനെതിരെ വിശ്വാസികള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.

സ്ത്രീകളെ പ്രസവത്തിനുള്ള വസ്തുക്കളായി കാണുന്നത് ശരിയല്ല എന്ന് കത്തോലിക്കാ നവീകരണ പ്രസ്ഥാനം പ്രതി ജോര്‍ജ് ജോസഫ് ആരോപിച്ചു. ഇക്കാര്യത്തില്‍ പരസ്യമായ പ്രഖ്യാപനം വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. വിശ്വാസികള്‍ ഇത് തള്ളിക്കളയും എന്നും കത്തോലിക്കാ നവീകരണ പ്രസ്ഥാനം പറയുന്നു.

അതേസമയം ക്രൈസ്തവ മൂല്യങ്ങളുടെ ഭാഗമാണ് സന്താനോല്‍പാദനം എന്നാണ് പാലാ രൂപത വിശദീകരിക്കുന്നത്. ജനസംഖ്യ നിയന്ത്രണം എന്ന നിലപാടിനോട് ഒരു കാലത്തും ക്രൈസ്തവസഭകള്‍ യോജിച്ചില്ല. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകട്ടെ എന്ന് നിലപാടാണ് എല്ലാകാലത്തും ക്രൈസ്തവസഭകള്‍ സ്വീകരിച്ചിട്ടുള്ളത്. ആ നിലപാട് ആവര്‍ത്തിക്കുക മാത്രമാണ് പാലാ രൂപത ഇപ്പോള്‍ ചെയ്തിട്ടുള്ളത് എന്നും രൂപത ഔദ്യോഗികമായി വിശദീകരിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker