യൂറോപ്പിലെ സിംഹങ്ങളുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രത്തിലെ സൂക്ഷിപ്പുകാരിയെ സിംഹം അക്രമിച്ച് കൊലപ്പെടുത്തി. ക്രിമിയന്‍ ഉപദ്വീപിലെ ടൈഗാന്‍ ലയണ്‍ സഫാരി പാര്‍ക്കിലാണ് സംഭവം. ഇന്നലെ ഒരു കൂട്ടം സിംഹങ്ങള്‍ ചേര്‍ന്ന് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയാണെന്ന ഗള്‍ഫ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 2014 വരെ യുക്രൈന്റെ ഭാഗമായിരുന്ന ക്രിമിയന്‍ ഉപദ്വൂപുകള്‍ നിലവില്‍ റഷ്യയുടെ കൈവശമാണ്. സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് മോസ്‌കോ ആസ്ഥാനമായുള്ള ക്രിമിയ ആന്‍ഡ് സെവാസ്റ്റോപോള്‍ അന്വേഷണ സമിതി പറഞ്ഞു.
ചീഫ് സൂ കീപ്പര്‍ ലിയോകാഡിയ പെരെവലോവയാണ് കൊല്ലപ്പെട്ടതെന്ന് പാര്‍ക്കിന്റെ ഉടമ ഒലെഗ് സുബ്‌കോവ് പറഞ്ഞു. 18 വര്‍ഷത്തോളമായി ഇവര്‍ ഈ പാര്‍ക്കില്‍ ജോലി ചെയ്യുന്നു. ഇന്നലെ മൂന്ന് സിംഹങ്ങളുടെ കൂട് വൃത്തിയാക്കാന്‍ കയറിയപ്പോഴായിരുന്നു സിംഹങ്ങള്‍ ഇവരെ അക്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ‘ഇത് എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചുവെന്ന് വ്യക്തമല്ല, കാരണം മൃഗങ്ങള്‍ക്ക് സ്വന്തമായി അത്തരമൊരു കാര്യം ചെയ്യാന്‍ കഴിയില്ല, ചുറ്റം മറ്റ് ആളുകള്‍ ആ സമയത്ത് ഉണ്ടായിരുന്നില്ലെന്നും’ ഒലെഗ് സുബ്‌കോവ് തന്റെ ബ്ലോഗിലെ പ്രസ്താവനയില്‍ പറഞ്ഞു.
‘നിര്‍ഭാഗ്യവശാല്‍ ജീവനക്കാര്‍ സംഭവം അറിഞ്ഞെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സിംഹങ്ങള്‍ ലിയോകാഡിയയെ കൊലപ്പെടുത്തിയിരുന്നു. അവര്‍ ഒരു മികച്ച പരിശീലകയാണ്. പക്ഷേ, തെറ്റുകള്‍ അവരൊരിക്കലും ക്ഷമിച്ചിരുന്നില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജോലിസ്ഥലത്തെ അശ്രദ്ധ മൂലം ഒരാള്‍ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസ് എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
70 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്ക് 2012 -ലാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. എന്നാല്‍, 2019 ഡിസംബറില്‍ ഉടമയായ സുബ്‌കോവ് മൃഗങ്ങള്‍ക്ക് തീറ്റ നല്‍കിയെന്ന് ആരോപിച്ച് റഷ്യന്‍ അധികൃതര്‍ മൃഗശാല ഒരു മാസത്തേക്ക് അടച്ചു. ഇതിന് പിന്നാലെ 2014 ല്‍ അധികാരം പിടിച്ചെടുത്ത ശേഷം ക്രിമിയയിലെ റഷ്യന്‍ സ്ഥാപിത അധികാരികള്‍ തന്റെ ബിസിനസ് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പദ്ധതികള്‍ മനഃപൂര്‍വ്വം മരവിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ പാര്‍ക്കില്‍ 80 സിംഹങ്ങളും 50 ഓളം കടുവകളുമാണ് ഉള്ളത്.