AUTOFOUR WHEELER

മൂന്ന് സൂപ്പര്‍കാറുകളുമായി മക്‌ലാറന്‍ ഇന്ത്യയില്‍; മുംബൈയില്‍ ഡീലര്‍ഷിപ്പ്

മുംബൈ: ആഗോള സൂപ്പര്‍കാര്‍ ഭൂപടത്തിലെ പ്രധാനികളായ ഫെറാറി, ലംബോര്‍ഗിനി, മസെരാട്ടി, പോര്‍ഷ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കെല്ലാം തന്നെ ഇന്ത്യയില്‍ നേരിട്ടോ അല്ലെങ്കില്‍ ഇമ്പോര്‍ട്ട് പങ്കാളിത്തം വഴിയോ സാന്നിദ്ധ്യമുണ്ട്. അതെ സമയം ഇന്ത്യയിലെത്താന്‍ അല്പം താമസിച്ച കക്ഷിയാണ് മക്‌ലാറന്‍. സ്‌പോര്‍ട്‌സ് കാറുകള്‍ മാത്രം നിര്‍മ്മിക്കുന്ന, ഫോര്‍മുല വണ്‍ റേസിങ്ങിലെ നിറസാന്നിദ്ധ്യമായ ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളാണ് മക്‌ലാറന്‍. ഇന്ത്യയില്‍ വിരലില്‍ എണ്ണാവുന്ന അത്രയും മക്‌ലാറന്‍ സൂപ്പര്‍ കാറുകളേയുള്ളൂ. ഇവ സ്വകാര്യ വ്യക്തികള്‍ സ്വന്തം ചിലവില്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തവയാണ്. അതെ സമയം, ഇനി മക്‌ലാറന്‍ ഔദ്യോഗിമായി ഇന്ത്യയില്‍ വാങ്ങാം.
ഇന്ത്യന്‍ സൂപ്പര്‍കാര്‍ വില്പന രംഗത്തെ പ്രമുഖരായ ഇന്‍ഫിനിറ്റി ഗ്രൂപ്പുമായി ചേര്‍ന്ന് മക്‌ലാറന്‍ ഔദ്യോഗികമായി രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മുംബൈയിലാണ് ഇന്ത്യയിലെ ഏക മക്‌ലാറന്‍ ഡീലര്‍ഷിപ്പ് ഉയരുക. മക്‌ലാറന്‍ ജിടി, മക്‌ലാറന്‍ 720 എസ്സിന്റെ കൂപെ, സ്‌പൈഡര്‍ പതിപ്പുകള്‍ എന്നിങ്ങനെ 3 സൂപ്പര്‍ കാറുകളുമായാണ് മക്‌ലാറന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ആരംഭിച്ചിരിക്കുന്നത്. മക്‌ലാറന്റെ ഹൈബ്രിഡ് സൂപ്പര്‍കാര്‍ ആയ അര്‍തുറയും ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തത്കാലമില്ല.
മക്‌ലാറന്‍ സൂപ്പര്‍കാര്‍ ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ ആണ് മക്‌ലാറന്‍ ജിടി. 3.72 കോടിയാണ് എക്‌സ്‌ഷോറൂം വില. ദിവസവും ഉപയോഗിക്കാവുന്ന സ്‌പോര്‍ട്‌സ്‌കാര്‍ എന്ന പരിവേഷവുമായി എത്തുന്ന മക്‌ലാറന്‍ ജിടി അത്ര അഗ്രസ്സീവ് പെര്‍ഫോമന്‍സ് സ്വഭാവമുള്ളതല്ല. കൂടുതല്‍ സുഖകരവുമായ റൈഡുള്ള മിഡ് എഞ്ചിന്‍ സൂപ്പര്‍കാര്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് മക്‌ലാറന്‍ ജിടി. 620 എച്ച്പി പവറും, 630 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 4 ലിറ്റര്‍, ട്വിന്‍ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മക്‌ലാറന്‍ ജിടിയുടെ ഹൃദയം. 3.2 സെക്കന്‍ഡ് മതി മക്‌ലാറന്‍ ജിടിയ്ക്ക് നിന്ന നില്പില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി, ഫെരാരി റോമ, പോര്‍ഷെ 911 എന്നിവയാണ് എതിരാളികള്‍.
കൂപെ പതിപ്പിലും മടക്കിവെയ്ക്കാവുന്ന റൂഫുള്ള സ്‌പൈഡര്‍ പതിപ്പിലും മക്‌ലാറന്‍ 720 എസ് ഇന്ത്യയില്‍ ലഭിക്കും. കൂപെ പതിപ്പിന് 4.65 കോടിയും സ്‌പൈഡര്‍ പതിപ്പിന് 5.04 കോടിയുമാണ് എക്‌സ്‌ഷോറൂം വില. ജിടി, അള്‍ട്ടിമേറ്റ് സീരീസുകള്‍ക്കിടയിലെ സൂപ്പര്‍കാര്‍ സീരീസില്‍പെട്ട കാര്‍ ആണ് മക്‌ലാറന്‍ 720 എസ്. 720 എച്ച്പി പവറും, 770 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ് എന്‍ജിനാണ് മക്‌ലാറന്‍ 720 എസ്സില്‍. വെറും 2.9 സെക്കന്‍ഡിനുള്ളില്‍ 0100 കിലോമീറ്റര്‍ വേഗത എത്തിപ്പിടിക്കുന്ന മക്‌ലാറന്‍ 720 എസ്സിന് മണിക്കൂറില്‍ 341 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. സ്‌പൈഡര്‍ പതിപ്പിന്റെ റൂഫ് 50 കിലോമീറ്റര്‍ വേഗതയില്‍ വരെ 11 സെക്കന്റിനുള്ളില്‍ മടക്കിവയ്ക്കവുന്നതാണ്. ലാംബോര്‍ഗിനി ഹുറാക്കന്‍, ഫെരാരി എഫ്8 ട്രിബ്യൂട്ടോ എന്നിവയാണ് മക്‌ലാറന്‍ 720 എസ്സിന്റെ എതിരാളികള്‍.

Related Articles

Back to top button