BREAKING NEWSKERALA

മൂവാറ്റുപുഴ ജപ്തി: എംഎല്‍എ നല്‍കിയ ചെക്ക് സ്വീകരിക്കില്ലെന്നു ബാങ്ക് അധികൃതര്‍, പ്രതിഷേധം, ഒടുവില്‍ സ്വീകരിച്ചു

കൊച്ചി: അജേഷിന്റെ ജപ്തി വിഷയത്തില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നടന്നത് നാടകീയ രംഗങ്ങള്‍. ബാങ്ക് ജീവനക്കാര്‍ നല്‍കിയ പണം കൊണ്ട് ലോണ്‍ അക്കൗണ്ട് ക്ലോസ് ചെയ്തതിനാല്‍ അജേഷിന്റെ പേരില്‍ എംഎല്‍എ നല്‍കിയ ചെക്ക് മാറാന്‍ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. എന്നാല്‍ ഇതില്‍ പ്രതിഷേധവുമായി കുടുംബം എത്തി. തങ്ങളോട് ചോദിക്കാതെ എന്തിനാണ് ജീവനക്കാരുടെ പണം സ്വീകരിച്ചതെന്നായിരുന്നു അജേഷിന്റെ കുടുംബത്തിന്റെ ചോദ്യം. ഇതിന് പിന്നാലെ മാത്യു കുഴല്‍നാടന്‍ നല്‍കിയ 1,35,586 രൂപയുടെ ചെക്ക് ബാങ്ക് സ്വീകരിച്ചു. ജപ്തി വിഷയം വിവാദമായതോടെ അജേഷിന്റെ വായ്പ കുടിശ്ശിക സിഐടിയു അടയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ തന്നെയും കുടുംബത്തെയും അപമാനിച്ച സിപിഎമ്മിന്റെ പണം തനിക്ക് വേണ്ടെന്നായിരുന്നു അജേഷ് പറഞ്ഞത്.
പട്ടികജാതിക്കാരനായ അജേഷ് അഞ്ച് വര്‍ഷം മുമ്പ് തൊഴിലാവശ്യത്തിനായി എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പയാണ് കുടിശ്ശികയായത്. തുടര്‍ന്ന് ജപ്തിക്കായി കഴിഞ്ഞ ശനിയാഴ്ച ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി. ഗുരുതരമായ ഹൃദ്രോഗത്തിന് ചികിത്സ തേടി അജേഷും കൂട്ടിരിപ്പുകാരിയായി ഭാര്യയും ഈ സമയം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. തുടര്‍ന്ന് 12 വയസില്‍ താഴെയുള്ള മൂന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു. ഇത് വലിയ വിവാദത്തിനും വിമര്‍ശനത്തിനും വഴി വച്ചതോടെയാണ് വായ്പ തിരിച്ചടച്ച് പ്രശ്‌നത്തില്‍ നിന്ന് തലയൂരാന്‍ ബാങ്ക് ശ്രമിച്ചത്.
മാത്യു കുഴന്‍നാടന്‍ എംഎല്‍എ അജേഷിന്റെ വായ്പ കുടിശ്ശിക എത്രയെന്ന് അറിയിക്കണമെന്നും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാറെന്നും വ്യക്തമാക്കി ബാങ്കിന് കത്ത് നല്‍കിയിരുന്നു. രണ്ട് മണിക്കൂറിനകം അജേഷിന്റെ വായ്പ ബാങ്ക് ജീവനക്കാര്‍ തിരിച്ചടച്ചെന്ന് ഗോപി കോട്ടമുറിക്കല്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടു. പിന്നാലെ തന്റെ അനുമതിയില്ലാതെ ബാങ്കിലടച്ച പണം തനിക്കാവശ്യമില്ലെന്ന് അജേഷ് പ്രതികരിക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker