BREAKING NEWSKERALALATEST

മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണമെങ്കില്‍ കിടക്കകളിലെല്ലാം ഒക്‌സിജന്‍ സംവിധാനം വേണം

തൃശ്ശൂര്‍: അത്യാഹിത വിഭാഗങ്ങളിലെ കിടക്കകളിലെല്ലാം കേന്ദ്രീകൃത കുഴല്‍ സംവിധാനം വഴി ഓക്‌സിജന്‍ കിട്ടാത്ത മെഡിക്കല്‍ കോളേജുകളില്‍ ഇനി വൈദ്യപഠനം നടക്കില്ല.
മെഡിക്കല്‍പഠന പ്രവേശന മാനദണ്ഡങ്ങളില്‍ ദേശീയ മെഡിക്കല്‍ കമ്മിഷനാണ് ഭേദഗതി വരുത്തിയത്. കോവിഡിന്റെ രണ്ടാംവരവില്‍ രാജ്യത്തെ ചികിത്സാലയങ്ങള്‍ ശ്വാസം മുട്ടിയതിനെത്തുടര്‍ന്നാണ് ഭേദഗതി. എം.ബി.ബി.എസിന്റെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമം കഴിഞ്ഞവര്‍ഷമാണ് കമ്മിഷന്‍ നടപ്പാക്കിയത്.
ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് പകരമായാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നിലവില്‍ വന്നത്. കമ്മിഷന്‍ നിലവില്‍ വന്നശേഷം മെഡിക്കല്‍ വിദ്യാഭ്യാസവും പ്രാക്ടീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി വരുകയുമാണ്. പുതിയ മാനദണ്ഡപ്രകാരം ആശുപത്രിയില്‍ ദ്രവീകൃത ഓക്‌സിജന്‍ ടാങ്ക് അനുയോജ്യമായ വിധത്തില്‍ സ്ഥാപിച്ചിരിക്കണം. ഇതില്‍നിന്നുള്ള കുഴലുകള്‍ എല്ലാ കിടക്കകളിലേക്കും അത്യാസന്ന രോഗികളുള്ള ഇടങ്ങളിലേക്കും ട്രോളി തുടങ്ങിയവയിലേക്കും വേണം. കൂടാതെ പ്രഷര്‍ സ്വിങ് അബ്‌സോര്‍ബ്ഷന്‍ (പി.എസ്.എ.) അല്ലെങ്കില്‍ വാക്വം സ്വിങ് അബ്‌സോര്‍ബ്ഷന്‍(വി.എസ്.എ.) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഓക്‌സിജന്‍ ഉത്പാദന സംവിധാനവും നിര്‍ബന്ധമാണ്.
ആറുമാസത്തിനകം ഈ സംവിധാനങ്ങള്‍ എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും പ്രവര്‍ത്തനം തുടങ്ങണമെന്നാണ് നിര്‍ദ്ദേശം. 2,022 മുതല്‍ സംവിധാനങ്ങള്‍ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു. കമ്മിഷന്റെ അണ്ടര്‍ ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡ് പ്രസിഡന്റ് ഡോ. അരുണ വി. വണികറാണ് ഉത്തരവിറക്കിയിരിക്കുന്നത്. ബിരുദപ്രവേശനത്തിനു മുന്‍പ് എല്ലാ കോളേജുകളിലും അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി മെഡിക്കല്‍ കമ്മിഷന്‍ പരിശോധന നടത്താറുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതിരുന്നാല്‍ പ്രവേശനാനുമതി നിഷേധിക്കാറുമുണ്ട്.

Related Articles

Back to top button