ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള സാമ്പത്തികമായ ദുര്‍ബല വിഭാഗത്തിലെ ഗുണഭോക്താവിനെ നിശ്ചയിക്കാനുള്ള മാനദണ്ഡം ഈ വര്‍ഷത്തേക്ക് നിലവിലുള്ളതുപോലെ നിലനിര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം മുതല്‍ പുതിയ മാനദണ്ഡം അനുസരിച്ചായിരിക്കും പ്രവേശനമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷമായിത്തന്നെ പുതിയ മാനദണ്ഡത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വരുമാനം കണക്കിലെടുക്കാതെ അഞ്ച് ഏക്കറോ അതില്‍ കൂടുതലോ കൃഷിഭൂമിയുള്ള കുടുംബങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നീറ്റ് വിദ്യാര്‍ഥികളുടെ പ്രവേശനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാനദണ്ഡം മാറ്റുന്നത് പ്രയാസങ്ങള്ക്കിടയാക്കുമെന്നും സര്‍ക്കാര്‍ സര്‍ക്കാര്‍ സുപ്രീം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഒബിസി വിഭാഗത്തെ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡമായ എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനത്തില്‍ സാമ്പത്തിക ദുര്‍ബല വിഭാഗത്തെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി നിശ്ചയിച്ചത് എങ്ങനെയാണെന്ന് കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
നിലവിലുള്ള മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുമെന്നും നാലാഴ്ചയക്കകം തീരുമാനമെടുക്കുമെന്നും നവംബറില്‍ നടന്ന വാദത്തിനിടയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു.