BREAKING NEWSKERALA

മെഡി. കോളേജില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത് കളമശ്ശേരി സ്വദേശി 23കാരി, ദുരൂഹത, റാക്കറ്റെന്നു സംശയം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൊച്ചി സ്വദേശി പൊലീസ് കസ്റ്റഡിയില്‍. നഴ്‌സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടിയെടുത്ത കളമശേരി സ്വദേശി നീതുവാണ് (23) പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍ കുട്ടിയുമുണ്ട്. നീതുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്ന് മൂന്നരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളേജില്‍ നിന്നും കടത്തികൊണ്ടുപോയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ആശുപത്രി പരിസരത്തെ ഒരു ഹോട്ടലില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
പൊലീസിന്റെ സംയോജിതമായ ഇടപെടലാണ് കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് ഹോട്ടലില്‍ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ കടത്താന്‍ ശ്രമിച്ച സ്ത്രീക്ക് പിന്നില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് സ്ഥലത്തെത്തിയ മന്ത്രി വിഎന്‍ വാസന്‍ പറഞ്ഞു.
ആരോഗ്യവതിയായ സ്ത്രീയാണ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. തിരുവല്ലയില്‍ നിന്നാണ് വന്നതെന്നും ഫ്‌ലാറ്റ് കളമശേരിയിലാണെന്നും ഇവര്‍ പറയുന്നുണ്ടെങ്കിലും എല്ലാം കള്ളക്കഥകളാവാനാണ് സാധ്യതയെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.ഡോക്ടറുടെ വേഷം ധരിച്ചാണ് ഇവര്‍ എത്തിയത്. നിറം വ്യത്യാസമുണ്ടെന്നു പറഞ്ഞ് അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞിനെ റാഞ്ചിയത്. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ച ഉടന്‍ തന്നെ പോലീസ് എത്തി തെരച്ചില്‍ ആരംഭിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കുഞ്ഞിനെ സംരക്ഷിക്കാന്‍ സാധിച്ചത്. സംഭവത്തിനു പിന്നില്‍ ഒരു റാക്കറ്റ് തന്നെയുണ്ടെന്നു സംശയിക്കുന്നുവെന്നും സ്ത്രീയെ ചോദ്യം ചെയ്താല്‍ മാത്രമേ യഥാര്‍ഥ വസ്തുത കണ്ടെത്താന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിനെ ചോദിച്ചുകൊണ്ട് ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വസ്ത്രം ധരിച്ച് ഒരു സ്ത്രീ എത്തിയത്. കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും അറിയിച്ചാണ് കുട്ടിയുടെ അമ്മയില്‍ നിന്നും ഇവര്‍ കുഞ്ഞിനെ വാങ്ങിയത്. തുടര്‍ന്ന് ഈ സ്ത്രീ കുഞ്ഞിനേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker