പ്രമുഖ ഓണ്‍ലൈന്‍ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയില്‍ ലിസ്റ്റ് ചെയ്ത ദുരൂഹമായ റെസ്റ്റോറന്റിനെ കുറിച്ച് വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാാണ്. വിചിത്രമായ പേരും അന്യായമായ വിലയുമുള്ള വിഭവമാണ് ഇത്തരം ദുരൂഹ റെസ്റ്റോറന്റുകളുടെ മെനുവില്‍ കാണിച്ചിരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൊമാറ്റോ.
ഒരു വിഭവം മാത്രമുള്ള റെസ്റ്ററന്റിനെ കുറിച്ചുള്ള സാമൂഹിക മാധ്യമ ചര്‍ച്ചകള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് സൊമാറ്റോ എക്സില്‍ പറഞ്ഞു. തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ള ഇത്തരം എല്ലാ റെസ്റ്ററന്റുകളേയും സൊമാറ്റോയില്‍ നിന്ന് നീക്കം ചെയ്തുവെന്നും അവര്‍ അറിയിച്ചു. കൂടാതെ സൊമാറ്റോയിലുള്ള വളരെ ചെറിയ എണ്ണം വിഭവങ്ങള്‍ മാത്രമുള്ള റെസ്റ്ററന്റുകളെ കുറിച്ച് അന്വേഷിച്ചുവെന്നും സൊമാറ്റോ കൂട്ടിച്ചേര്‍ത്തു.
‘സൊമാറ്റോയില്‍ ലിസ്റ്റ് ചെയ്ത എല്ലാ റെസ്റ്ററന്റുകള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് വേണമെന്നാണ് ഞങ്ങളുടെ നയം. മദ്യം, സിഗരറ്റ് തുടങ്ങിയ സാധനങ്ങളുടെ വില്‍പ്പനയും ഞങ്ങള്‍ തടയുന്നുണ്ട്. ഞങ്ങളുടെ പരിശോധനകളെ മറികടക്കാന്‍ ഇപ്പോള്‍ പരാമര്‍ശിക്കപ്പെട്ട റെസ്റ്ററന്റുകള്‍ നോട്ടി സ്ട്രോബറി, മെറി ബെറി എന്നിങ്ങനെ വിഭവങ്ങള്‍ക്ക് പേര് നല്‍കി അത് മറികടന്നു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനായി തട്ടിപ്പുകാര്‍ക്കെതിരായ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.’ -സൊമാറ്റോ വ്യക്തമാക്കി.
റെഡ്ഡിറ്റില്‍ ഒരു ഉപഭോക്താവ് പോസ്റ്റിട്ടതോടെയാണ് സൊമാറ്റോയിലെ ഇത്തരം റെസ്റ്ററന്റുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. സൊമാറ്റോ ആപ്പില്‍ ചണ്ഡിഗഢിലെ റെസ്റ്ററന്റ് ആണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആകെ ഒരു വിഭവം മാത്രമാണ് ഇവിടത്തെ മെനുവില്‍ ഉള്ളത്. സാമാന്യയുക്തിക്ക് നിരക്കാത്ത തരത്തിലുള്ള ഉയര്‍ന്ന വിലയാണ് ഈ വിഭവത്തിന് രേഖപ്പെടുത്തിയത്. റെസ്റ്ററന്റിന്റെയും വിഭവങ്ങളുടേയും പേരുകള്‍ പോലും വിചിത്രമാണ്. ഒരു റിവ്യൂ പോലും ഇല്ലാത്തതോ അല്ലെങ്കില്‍ മോശം റിവ്യൂ മാത്രമുള്ളതോ ആണ് ഇത്തരം റെസ്റ്ററന്റുകള്‍.
ഇതിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യമുയര്‍ത്തി. സൊമാറ്റോ സി.ഇ.ഒ. ദീപീന്ദര്‍ ഗോയലിനെയും ചണ്ഡീഗഢ് പോലീസിനേയും ടാഗ് ചെയ്തുകൊണ്ട് ഒട്ടേറെ പേര്‍ സാമൂഹികമാധ്യമമായ എക്‌സില്‍ ഇക്കാര്യം ആവശ്യപ്പെട്ടു.
80 1 minute read