ബാര്‍സിലോന: അചിന്ത്യമെന്ന് കരുതിയിരുന്നത് ഒടുവില്‍ സംഭവിച്ചു. ആരാധകരുടെ ചങ്കുലച്ച് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ടീം വിടുകയാണെന്ന് സ്പാനിഷ് ക്ലബ് ബാര്‍സിലോന ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാര്‍സയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് സൂപ്പര്‍താരം ടീം വിടുന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്. കരാര്‍ പുതുക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയിലും തീരുമാനമാകാതെ പോയതോടെയാണ് താരം ഇനി തിരിച്ചുവരില്ലെന്ന് ക്ലബ് അറിയിച്ചത്. രണ്ടു പതിറ്റാണ്ടു പിന്നിട്ട ബന്ധം വിടര്‍ത്തിയാണ് മെസ്സി ബാര്‍സ വിടുന്നത്. കരാര്‍ കാലാവധി അവസാനിച്ചതോടെ ജൂലൈ ഒന്നു മുതല്‍ മെസ്സി ഫ്രീ ഏജന്റായിരുന്നു.
‘കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്സി ബാര്‍സിലോനയും ലയണല്‍ മെസ്സിയും തമ്മില്‍ നേരത്തെ ധാരണയില്‍ എത്തിയിരുന്നെങ്കിലും, സാമ്പത്തികവും ലാ ലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാല്‍ അത് നടക്കാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ ലയണല്‍ മെസ്സി ഇനി ബാര്‍സിലോനയില്‍ തുടരില്ല. ഇക്കാര്യത്തില്‍ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാതെ പോയതില്‍ അതിയായി ഖേദിക്കുന്നു. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും എഫ്സി ബാര്‍സിലോന മെസ്സിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തിജീവിതത്തിലും ഫുട്ബോള്‍ കരിയറിലും താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ പ്രസ്താവന വ്യക്തമാക്കുന്നു.
ബാര്‍സ വിട്ട സാഹചര്യത്തില്‍ ഇനി മെസ്സിയുടെ തട്ടകം ഏതായിരിക്കുമെന്ന് വ്യക്തമല്ല. വന്‍തുക മുടക്കി താരത്തെ ടീമിലെത്തിക്കാന്‍ ഏതു ക്ലബ്ബാണ് രംഗത്തെത്തുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മെസ്സിയുടെ അടുത്ത സുഹൃത്തു കൂടിയായ ബ്രസീലിയന്‍ താരം നെയ്മാര്‍ കളിക്കുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും മുന്‍ ബാര്‍സ പരിശീലകന് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്കുമാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. താരത്തിന്റെ വരവ് ഉണ്ടാക്കാവുന്ന സാമ്പത്തിക ബാധ്യത താങ്ങാന്‍ ഈ ക്ലബ്ബുകള്‍ക്ക് സാധിക്കുമെന്നതിനാലാണ് ഇത്.13ാം വയസ്സില്‍ നൂകാംപിലെത്തിയ മെസ്സി ഏതാണ്ട് 21 വര്‍ഷത്തോളമാണ് അവിടെ തുടര്‍ന്നത്. ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന മെസ്സി 2003ല്‍ തന്റെ 16ാം വയസ്സിലാണ് സീനിയര്‍ ടീമില്‍ അരങ്ങേറിയത്. ബാര്‍സയ്ക്കൊപ്പമോ അതിലുപരിയോ വളര്‍ന്ന മെസ്സി, ഫുട്ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ബാര്‍സയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്തു.നേരത്തെ, ലയണല്‍ മെസ്സി അഞ്ചുവര്‍ഷം കൂടി സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ തുടരുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ലബ്ബില്‍ തുടരാന്‍ മെസ്സി പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെസ്സിയുടെ പ്രതിഫലത്തുകയായിരുന്നു കരാര്‍ പുതുക്കുന്നതിനു തടസമായുണ്ടായിരുന്നത്.കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ലാ ലിഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്കാന് കഴിയുക. ജൂണ്‍ 30നാണ് ബാര്‍സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിച്ചത്. മെസ്സിക്ക് ബാര്സയില് തുടരാനാണു താല്പര്യമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലാ ലിഗ ഫുട്ബോളിലെ കടുത്ത സാമ്പത്തിക ചട്ടങ്ങള്‍ കാരണമാണു ലയണല്‍ മെസ്സിയുമായി പുതിയ കരാര്‍ ഒപ്പിടാന്‍ വൈകുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോന് ലാപോര്‍ട്ടയും പ്രതികരിച്ചിരുന്നു. ജൂലൈ ഒന്നിനു മുന്‍പ് പുതിയ കരാര്‍ ഒപ്പിടാന്‍ ബാര്‍സയും മെസ്സിയും ശ്രമിച്ചെങ്കിലും സാമ്പത്തിക നിയന്ത്രണങ്ങള്‍ കാരണം അതിനു സാധിച്ചിരുന്നില്ല