BREAKING NEWSLATESTNATIONAL

മെഹുല്‍ ചോക്‌സിക്ക് ഒപ്പം കണ്ടെത്തിയ യുവതി കാമുകിയല്ല; പിന്നെ ആര്, ഹണിട്രാപ്പോ?

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ മെഹുല്‍ ചോക്‌സിക്ക് ഒപ്പം കണ്ടെത്തിയ യുവതി ആരെന്നത് സംബന്ധിച്ച് തര്‍ക്കം പുകയുന്നു. ഡൊമിനിക്കയില്‍ മെഹുല്‍ ചോക്‌സിക്ക് ഒപ്പം കണ്ടെത്തിയ യുവതി ചോക്‌സിയുടെ കാമുകിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് തട്ടിക്കൊണ്ടു പോയതാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് യുവതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചോക്‌സിയുമായി അടുപ്പമുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. മെഹുല്‍ ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് നിന്ന് കാണാതായത് മെയ് 23നാണ്. മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍ നിന്ന് മുങ്ങിയെന്ന് ആയിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍, ഒരു സംഘം മെഹുല്‍ ചോക്‌സിയെ തട്ടിക്കൊണ്ടു പോയെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നത്. ഇന്ത്യയില്‍ ബന്ധങ്ങളുള്ളവരാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും ആന്റിഗ്വയിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണെന്നും ഇത് നടന്നതെന്നും ഇവര്‍ വാദിക്കുന്നു.
ചോക്‌സിയെ ഇവര്‍ മര്‍ദ്ദിച്ചതായും പിന്നീട് ബോട്ടില്‍ ഡൊമിനിക്കയിലേക്ക് കൊണ്ടു പോയെന്നുമാണ് അഭിഭാഷകരുടെ വാദം. ചോക്‌സിയുടെ കാമുകിയെന്ന് പറയുന്ന യുവതി ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അദ്ദേഹവുമായി പരിചയം സ്ഥാപിച്ചത്.
ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആയിരുന്നു ഈ യുവതി മെഹുല്‍ ചോക്‌സിയുമായി അടുത്തത്. രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങുന്ന യുവതിയെ സ്ഥിരമായി കണ്ട് സംസാരിക്കുക ആയിരുന്നു യുവതി ആദ്യം ചെയ്തത്. ഇത് അടുപ്പമായി. മെയ് 23ന് യുവതി ചോക്‌സിയെ തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിക്കുകയായിരുന്നു.
എന്നാല്‍, അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ചോക്‌സിയെ അവിടെ കാത്തിരുന്ന ഒരു സംഘം തട്ടിക്കൊണ്ടു പോയെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ കഴിഞ്ഞദിവസം ഇക്കാര്യത്തില്‍ ഒരു പരാമര്‍ശം നടത്തിയിരുന്നു. ചോക്‌സി ഡോമിനിക്കയിലേക്ക് പോയത് കാമുകിക്ക് ഒപ്പമാണെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്. പിടിയിലായ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടു കടത്താന്‍ അദ്ദേഹം ഡോമിനിക്കയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ചോക്‌സിയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആരോപണം. തട്ടിക്കൊണ്ടു പോയ സംഘത്തിന് ഇന്ത്യന്‍ ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഇതിനിടെ അറസ്റ്റിലായ ചോക്‌സി ഇപ്പോള്‍ ഡോമിനിക്ക ചൈന ഫ്രണ്ട് ഷിപ്പ് ആശുപത്രിയിലാണ്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്.
രത്‌ന വ്യാപാരിയായ മെഹുല്‍ ചോക്‌സി ഇന്ത്യയില്‍ നിന്ന് മുങ്ങിയത് 13,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായതോടെയാണ്. ഇന്ത്യയില്‍ നിന്ന് പുറത്തു കടന്ന അദ്ദേഹം ആന്റിഗ്വയില്‍ എത്തുകയും അവിടുത്തെ പൗരത്വം നേടുകയും ചെയ്തു. ഇതിനിടെ ഡോമിനിക്കയില്‍ വെച്ച് പിടിയിലാകുകയായിരുന്നു. അതേസമയം, ഡോമിനിക്കയില്‍ പിടിയിലായ ചോക്‌സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Related Articles

Back to top button