തിരുവനന്തപുരം: വയനാട് മേപ്പാടി പഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ എന്നതും പഞ്ചായത്തിന് ലഭിച്ച ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നതുമടക്കം കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കത്തുകയാണ്. കിറ്റ് നല്‍കിയത് ആരാണ്? ദുരിതാശ്വാസ വസ്തുക്കള്‍ പുഴുവരിച്ച് നശിക്കാനിടയായത് ആരുടെ വീഴ്ച കാരണമാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമായിട്ടില്ല. ഈ സാഹചര്യത്തിലാണ് കിറ്റ് വിവാദം രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം കത്തിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കിറ്റ് വിവാദം എല്ലാ പാര്‍ട്ടികളും ചര്‍ച്ചയാക്കുന്നുണ്ട്. സിപിഎം പഞ്ചായത്തിനെ കുറ്റപ്പെടുത്തുമ്പോള്‍ റവന്യൂ വകുപ്പിനെയും സര്‍ക്കാരിനെയും പഴിച്ചാണ് കോണ്‍ഗ്രസും ബിജെപിയും സമരരംഗത്തുള്ളത്. ഇന്ന് കിറ്റ് വിവാദത്തില്‍ മേപ്പാടി പഞ്ചായത്തിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കിറ്റുകള്‍ കെട്ടിക്കിടക്കുന്ന കൈനാട്ടിയിലെ സംഭരണ കേന്ദ്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും സമരം ചെയ്തു.
43 Less than a minute