BREAKINGKERALA
Trending

മേയറുമായുള്ള തര്‍ക്കം; അന്വേഷണം എങ്ങുമെത്തിയില്ല, ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയെ സമീപിച്ചു. ഒന്നുകില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിട്ടതായി അറിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സംഭവമുണ്ടായി മൂന്ന് മാസം പിന്നിട്ടിട്ടും കേസിലെ അന്വേഷണം എങ്ങും എത്തിയിട്ടുമില്ല.ഓവര്‍ടേക്ക് ചെയ്യാന് അനുവദിക്കാതെ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ചാണ് ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇരുകൂട്ടരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്.
അശ്ലീല ആംഗ്യം കാണിച്ച് മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കണ്‍ടോണ്മെന്റ് പൊലീസ് ആദ്യം കേസെടുത്തു. ബസ് തടഞ്ഞ് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്ന യദുവിന്റെ പരാതിയില്‍ മൂസിയം പൊലീസും പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു. ഇതിനിടെയാണ് കേസിലെ നിര്‍ണായക തെളിവായ ബസിനുള്ളിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് വിവരം പുറത്ത് വന്നത്. ഇതില്‍ തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര് ചെയ്തു.
ആ കേസിലെ അന്വേഷണവും ഒന്നുമായില്ല. താല്‍ക്കാലിക ഡ്രൈവര് യദുവിനെ പിന്നെ കെഎസ്ആര്‍ടിസിയും ജോലിക്ക് വിളിച്ചില്ല. അച്ചനും അമ്മയും മൂന്ന് വയസ്സുള്ള കുഞ്ഞുമടക്കം കഴിയുന്ന കുടുംബം പട്ടിണിയിലായി. ഇതോടെയാണ് യദു ഹൈക്കോടതിയിലെത്തിയത്. താല്‍ക്കാലിക ജോലിയാണെങ്കിലും സെക്യൂരിറ്റി ഡെപോസിറ്റായി പതിനായിരം രൂപ യദു കെഎസ് ആര്‍ടിസിയില്‍ നല്കിയിട്ടുണ്ട്.
ഇത് തിരികെ നല്‍കി പിരിച്ചുവിടാത്തതിനാല്‍ മറ്റൊരു ജോലിക്ക് പോകാന്‍ കഴിയില്ല എന്നാണ് യദുവിന്റെ ഹര്‍ജിയില്‍ പറയുന്നത്. അതേ സമയം താല്‍ക്കാലിക ജീവനക്കാരനായ യദുവിന് മറ്റൊരു ജോലിയില്‍ പ്രവേശിക്കാന്‍ സാങ്കേതിക തടസ്സങ്ങളില്ലെന്നാണ് കെഎസ്ആര്‍ടിസി വിശദീകരണം. അപ്പോഴും വിവാദത്തിന് ശേഷം എന്ത് കൊണ്ട് യദുവിനെ തിരിച്ചുവിളിച്ചില്ലെന്നതില്‍ കൃത്യമായ മറുപടിയില്ല.

Related Articles

Back to top button