BREAKINGBUSINESSNATIONALTECHNOLOGY

മൊബൈല്‍ കണക്ഷന്‍ തടസപ്പെട്ടാല്‍ നഷ്ടപരിഹാരം, റേഞ്ച് നോക്കി സിം എടുക്കാം- ചട്ടങ്ങള്‍ പുതുക്കി ട്രാ

രാജ്യത്ത് ഇനി മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ തലത്തില്‍ 24 മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ലംഘനത്തിന്റെ തോതനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ പിഴ ശിക്ഷ വിവിധ ഗ്രേഡുകളായാണ് വിധിക്കുക.
നേരത്തെ സെല്ലുലാര്‍ മൊബൈല്‍ സര്‍വീസുകള്‍, ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍, ബ്രോഡ്ബാന്റ് വയര്‍ലെസ് സര്‍വീസുകള്‍ എന്നിവയ്ക്കായുള്ള വെവ്വേറെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഒന്നിന് ശേഷം പോസ്റ്റ് പെയ്ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാല്‍, ആ ദിവസത്തെ വാടകത്തുക അടുത്ത ബില്ലില്‍ ഇളവ് ചെയ്യും. പ്രീപെയ്ഡ് ഉപഭോക്താവിന് 2025 ഏപ്രില്‍ മുതലാണ് ഇത് ലഭ്യമാവുക. അതായത് പ്രീപെയ്ഡ് ഉപഭോക്താവിന് 12 മണിക്കൂറില്‍ കൂടുതല്‍ സേവനം നഷ്ടപ്പെട്ടാല്‍ ഒരു ദിവസത്തെ അധിക വാലിഡിറ്റി ക്രെഡിറ്റ് ചെയ്യപ്പെടും. ഒരാഴ്ചക്കുള്ളില്‍ ഈ നഷ്ടപരിഹാരം നല്‍കിയിരിക്കണം.
ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറെങ്കിലും തടസപ്പെട്ടാല്‍ അക്കാര്യം ട്രായ് അധികൃതരെ കമ്പനികള്‍ അറിയിച്ചിരിക്കണം. ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുകളില്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഫിക്സഡ് ലൈന്‍ സേവനദാതാക്കളും സേവനം തടസപ്പെട്ടാല്‍ പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്നാണ് സേവനം നഷ്ടപ്പെടുന്നത് എങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.
ബ്രോഡ്ബാന്റ് കണക്ഷന്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു. ഇതനുസരിച്ച്, ഉപഭോക്താവില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം ഏഴ് ദിവസത്തിനുള്ളില്‍ കമ്പനികള്‍ ബ്രോഡ് ബാന്റ് കണക്ഷന്‍ ലഭ്യമാക്കണം. 2ജി, 3ജി, 4ജി, 5ജി കവറേജ് എവിടെയെല്ലാം ലഭ്യമാണെന്ന് ജിയോ സ്പേഷ്യല്‍ മാപ്പുകളില്‍ കമ്പനികള്‍ പ്രദര്‍ശിപ്പിക്കണം. ഇതുവഴി മികച്ച സേവന ദാതാവ് ആരാണെന്ന് അറിഞ്ഞതിന് ശേഷം കണക്ഷനുകളെടുക്കാന്‍ ഉപഭോക്താവിന് സാധിക്കും. ആറ് മാസത്തിനുള്ളില്‍ ഈ പുതിയ നിയമങ്ങള്‍ നിലവില്‍ വരും.

Related Articles

Back to top button