ന്യൂഡല്‍ഹി: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ വസതിയില്‍ നടന്ന യോഗം 50 മിനിറ്റോളം നീണ്ടതായാണ് വിവരം. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ടു ദിവസങ്ങള്‍ക്കുശേഷം ആരംഭിക്കും. ഇതിനു മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നില്ലെന്ന് പവാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് മോദിയുമായി കൂടിക്കാഴ്ച എന്നതു ശ്രദ്ധേയമാണ്. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ കല്ലുകടിയെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
കേന്ദ്ര മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെ പവാര്‍ വിമര്‍ശിച്ചിരുന്നു. സഹകരണ മേഖലയ്ക്കായി മഹാരാഷ്ട്ര നിയമസഭയില്‍ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങള്‍ രൂപീകരിച്ച ചട്ടങ്ങളില്‍ ഇടപെടാന്‍ കേന്ദ്രത്തിന് ഒരു അവകാശവും ഇല്ലെന്നും പവാര്‍ വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി രണ്ടുതവണ പവാര്‍ കൂടിക്കാഴ്ച നടത്തിയത് മൂന്നാം മുന്നണിയെന്ന അഭ്യൂഹവും ദേശീയ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിരുന്നു.