BREAKINGNATIONAL

‘മോദിയുടെ ബിരുദം’: ഗുജറാത്ത് സര്‍വകലാശാലയുടെ മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ ബിരുദത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഗുജറാത്ത് സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ മാനനഷ്ടക്കേസ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. മാനനഷ്ടക്കേസില്‍ നല്‍കിയ സമന്‍സ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹര്‍ജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് മുന്‍ ദില്ലി മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്.
ഇതേ നടപടികള്‍ ചോദ്യം ചെയ്ത് നേരത്തെ കേസില്‍ ഉള്‍പ്പെട്ട സഞ്ജയ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി ഈ വര്‍ഷം ഏപ്രിലില്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് കെജ്‌രിവാളിന്റെ ഹര്‍ജിയും തള്ളിയത്. എല്ലാ തര്‍ക്കങ്ങളും വിചാരണയില്‍ തീര്‍പ്പുകല്‍പ്പിക്കാമെന്നും വിഷയത്തിന്റെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മോദിയുടെ ബിരുദം സര്‍വകലാശാല പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ബിരുദം വ്യാജമായതുകൊണ്ടാണോ എന്നും കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിങ്വി ചോദ്യം ഉന്നയിച്ചു. പ്രസ്താവന അപകീര്‍ത്തികരമാണെങ്കില്‍, ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യേണ്ടത് മോദിക്ക് വേണ്ടിയാണെന്നും ഗുജറാത്ത് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് വേണ്ടിയല്ലെന്നും സിങ്വി കൂട്ടിച്ചേര്‍ത്തു. പ്രസ്താവനകള്‍ ഒരു കാരണവശാലും സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജയ് സിംഗ് കേസില്‍ പുറപ്പെടുവിച്ച ഉത്തരവാണ് യൂണിവേഴ്‌സിറ്റിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയത് സഞ്ജയ് സിംഗിന്റെ പ്രസ്താവനകള്‍ വ്യത്യസ്തമാണെന്ന് ഇതോടെ ഡോ. അഭിഷേക് മനു സിങ്വി വാദിച്ചു. ഒരു ഘട്ടത്തില്‍, തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കാന്‍ കെജ്രിവാള്‍ തയ്യാറാണെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, ഇതിനെ ശക്തമായി എതിര്‍ത്ത സോളിസിറ്റര്‍ ജനറല്‍, പരാതിക്കാരന് അശ്രദ്ധമായി പ്രസ്താവനകള്‍ നടത്തുകയും പിന്നീട് മാപ്പ് പറയുകയും ചെയ്യുന്ന ശീലമുണ്ടെന്നും മറുപടി നല്‍കി.

Related Articles

Back to top button