BREAKING NEWSNATIONAL

‘മോദി’ പരാമര്‍ശത്തിലെ അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

ന്യൂഡല്‍ഹി: ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. മാനനഷ്ടക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യാത്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്. വിധി വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളന്‍മാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് കേസ് നല്‍കിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹര്‍ജിയില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ 2 വര്‍ഷം തടവ് വിധിച്ചതോടെയാണ് രാഹുല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.
ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെയാണ് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയിലെത്തി. എന്നാല്‍ മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് ഗുജറാത്ത് കോടതി വ്യക്തമാക്കിയത്. 10 ലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെയുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ച് നിരീക്ഷിച്ചു. പിന്നാലെയാണ് ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker