LATESTKERALA

മോൻസണുമായി ബന്ധം: പ്രവാസി വനിതയുടെ ആരോപണത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

കൊച്ചി:തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കിലുമായി തനിക്ക് ബന്ധമുണ്ടെന്ന പ്രവാസി മലയാളിയുടെ ആരോപണത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. ആരെങ്കിലും ചാനലുകളില്‍ പറയുന്നതിനോട് താനെന്ത് മറുപടി പറയാനാണെന്നാണ് ചെന്നിത്തല ചോദിച്ചത്.

”ഞാന്‍ ഒരു പ്രതികരണവും നടത്തുന്നില്ല. മാന്യമായും സത്യസന്ധമായും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ആക്ഷേപിക്കാന്‍ ആരെങ്കിലും ചാനല്‍ പറയുന്നതിനോട് ഞാനെന്ത് മറുപടി പറയാനാണ്. ഞാനൊന്നും പറയുന്നില്ല.”- ചെന്നിത്തല പറഞ്ഞു.

അതേസമയം, ചെന്നിത്തലയ്‌ക്കെതിരെ അത്തരമൊരു ആരോപണം ഉയര്‍ന്നതില്‍ അത്ഭുതമില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടത്. ”അതിലൊന്നും എനിക്കൊരു അത്ഭുതവുമില്ല. എനിക്കെതിരെയും ആരോപണം വന്നില്ലേ. പിന്നെന്താ രമേശ് ചെന്നിത്തല. കേസ് സിബിഐയോ അതിന് മുകളിലുള്ള ഏജന്‍സികളോ അന്വേഷിക്കട്ടേ.”-സുധാകരന്‍ പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ വേട്ടയാടലിനും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുധാകരന്‍ പറഞ്ഞു.

മോന്‍സണ്‍ മാവുങ്കലും രമേശ് ചെന്നിത്തലയും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രവാസി മലയാളി അനിത പുല്ലായിലാണ് ഇന്നലെ വെളിപ്പെടുത്തിയത്.

25 കോടിയുടെ ഇടപാടുകളാണ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ നടത്തിയതെന്നും അത് അന്വേഷിക്കണമെന്നും അനിത ആവശ്യപ്പെട്ടു. ”രമേശ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി. ആ ഇടപാട് എന്തിന് നിര്‍ത്തി. മോന്‍സണെ നല്ലരീതിയില്‍ അറിയുന്ന ഒരാളാണ് ചെന്നിത്തല.” അനിത പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് അനിതയുടെ വെളിപ്പെടുത്തല്‍.

പുരാവസ്തുവിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ ഇന്നലെ കോടതി റിമാന്‍ഡിൽ ജയിലിലേക്ക് അയച്ചിരുന്നു.ഒക്ടോബര്‍ ഒന്‍പത് വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിടാന്‍ എറണാകുളം എസിജഐം കോടതി ഉത്തരവിട്ടു. പോലീസിന് അനുവദിച്ച മൂന്ന് ദിവസ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ഇയാളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്.

കസ്റ്റഡി കാലാവധി അവസാനിച്ച ഇന്നലെ മോന്‍സണെ കോടതിയില്‍ ഹാജരാക്കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്ന് ദിവസമാണ് കോടതി അനുവദിച്ചിരുന്നത്.

പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സന്റെ പേരില്‍ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. ഇയാളുടെ ആഡംബരക്കാറുകള്‍ പലതും വ്യാജമെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. പല വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് വ്യാജമാണ്. 20 വര്‍ഷം വരെ പഴക്കമുള്ള ഇറക്കുമതി കാറുകളാണ് നിസാര വിലയ്ക്ക് ഇയാള്‍ വാങ്ങിക്കൂട്ടിയത്. കലൂരും ചേര്‍ത്തലയിലുമായി 30 ആഡംബര വാഹനങ്ങളാണ് ഇയാള്‍ക്കുള്ളത്. ഇതില്‍ ഒരെണ്ണത്തിന് മാത്രമാണു കേരള രജിസ്‌ട്രേഷനുള്ളത്.

Inline

മോന്‍സന്റെ കലൂരിലെ വീട്ടില്‍നിന്നു പിടിച്ചെടുത്ത നാല് ആനക്കൊമ്പുകളും മറ്റെന്തോ കൂട്ടിച്ചേര്‍ത്ത് നിര്‍മിച്ചതാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഒട്ടകത്തിന്റെ എല്ല് ആനക്കൊമ്പാണെന്നു പറഞ്ഞ് അരക്കോടി രൂപയ്ക്കു മോന്‍സന്‍ ബംഗളൂരു സ്വദേശിക്ക് വിറ്റ കഥയും പുറത്തുവന്നിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ബംഗളൂരു സ്വദേശി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് ഇതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker