മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്റലിജൻസ് പരിശോധന നടത്തും. ഐ ജി ലക്ഷ്മൺ, മുൻ ഡി ഐ ജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും.
അതേസമയം മോൻസൺ മാവുങ്കലുമായി പൊലീസ് ഉദ്യോഗസ്ഥർ വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ വസ്തുതാവിവര റിപ്പോർട്ടിന് ശേഷം വിശദമായ അന്വേഷണം നടത്തും.
ഇതിനിടെ മോൻസൺ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഇന്നും മോൻസണിന്റെ വീട്ടിൽ തുടരും. കേന്ദ്ര വനം -വകുപ്പ് ഉദ്യോഗസ്ഥരും കസ്റ്റംസുമാണ് മോൻസണിന്റെ വീട്ടിൽ പരിശോധനയ്ക്കെത്തുക.
അതേസമയം പുരാവസ്തുതട്ടിപ്പ് കേസില്‍ അന്വേഷണം തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലേക്കും നീങ്ങുകയാണ്. പുരാവസ്തുക്കള്‍ വിദേശത്ത് കച്ചവടം നടത്താന്‍ ചുമതലപ്പെടുത്തിയ തൃശൂരിലെ വ്യവസായിയായ കെ എച്ച് ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരുഭാഗം ജോര്‍ജിനും നല്‍കിയതായാണ് സംശയിക്കുന്നത്.